എറണാകുളം: പാട്ടു പാടി, കഥ പറഞ്ഞ് ബാല്യം അറിവുകളാല്‍ സമ്പന്നമാക്കാനാണ് ആ കുരുന്നുകളെത്തുന്നത്. എന്നാല്‍ മൂക്കുപൊത്തി അംഗനവാടിയിലിരിക്കാനാണ് അവരുടെ വിധി. അടിസ്ഥാന സൗകര്യങ്ങളില്ലാതിനാല്‍ മാലിന്യത്തിന് നടുവിലിരുന്ന് പഠിക്കേണ്ട ഗതികേടിലാണ് ഒരു കൂട്ടം കുരുന്നുകള്‍. എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്തിലുള്ള അംഗന്‍വാടിയിലെ കുട്ടികളാണ് പഠനം നടത്താന്‍ വെല്ലുവിളി നേരിടുന്നത്.

മുളവുകാട് പഞ്ചായത്ത് നാലാം വാര്‍ഡിലെ രക്ഷിതാക്കള്‍ കുട്ടികള്‍ക്കായി അംഗന്‍വാടി നിര്‍മ്മിച്ചത് രണ്ട് വര്‍ഷം മുന്പാണ്. നാട്ടുകാര്‍ ചേര്‍ന്ന് തോടിനോട് ചേര്‍ന്ന സ്ഥലം നികത്തിയെടുത്തു. സ്വകാര്യവ്യക്തി മൂന്ന് മീറ്റര്‍ സ്ഥലം കൂടി നല്‍കിയതോടെ സ്‌പോണ്‍സര്‍ഷിപ്പില്‍ അംഗന്‍വാടി പണിതു. 

എന്നാല്‍ കെട്ടിടത്തിനായി സ്വകാര്യ വ്യക്തിയുടെ 20 സെന്റീ. മീറ്റര്‍ സ്ഥലം അധികം എടുക്കേണ്ടി വന്നു. ഇതോടെ കെട്ടിടത്തിന് അനുമതി നല്‍കാന്‍ പഞ്ചായത്ത് തയ്യാറായില്ല. ഇതിന്റെ പേരില്‍ തോട്ടിലെ മാലിന്യങ്ങള് നീക്കാനും പഞ്ചായത്ത് സന്നദ്ധമായിട്ടില്ല. സ്ഥലം വിട്ടു നല്‍കാന്‍ സ്വകാര്യ വ്യക്തി തയ്യാറാണെങ്കിലും പഞ്ചായത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമത്തിന്റെ നൂലാമാലകള്‍ മറികടക്കണം. 

ഇത് സംബന്ധിച്ച് വ്യക്തതയില്ലാത്തതാണ് മാലിന്യ നീക്കം വൈകിപ്പിക്കുന്നത്. മഴയെത്തിയതോടെ മാലിന്യം കുന്നുകൂടിയിരിക്കുന്ന കെട്ടിടത്തിന് ചുറ്റും വെള്ളക്കെട്ടും രൂപപ്പെട്ടു. പകര്‍ച്ചവ്യാധി ഭീഷണിക്കൊപ്പം കുട്ടികള്‍ക്ക് അപകടം സംഭവിക്കാനും സാധ്യതയേറെയാണ്. സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് മാലിന്യം നീക്കാതിരുന്നാല്‍ കുട്ടികള്‍ക്ക് മാരഗ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയേറെയാണ്.