ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപ്പി കേണൽ ജോൺ പെന്നിക്വുക്കിന്റെ കൊച്ചു മകൾ ഉൾപ്പെട്ട സംഘം മുല്ലപ്പെരിയാറിൽ സന്ദർശനം നടത്തി. ലണ്ടനിൽ നിന്നുമെത്തിയ കൊച്ചുമകൾ ഡോ. ഡയാന, സുഹൃത്തുക്കളായ സൂസൻ ഫെറോ, ഷാരോൺ ബില്ല് മാധ്യമപ്രവർത്തകൻ സെയ്ൻ മോറി സംഘത്തിലുള്ളത്.
തമിഴ്നാട് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്‌ഥരും ഒപ്പമുണ്ട്. അണക്കെട്ട് സന്ദർശിച്ച് മടങ്ങിയെത്തുന്ന സംഘം ഉച്ചയ്ക്ക് ശേഷം ലോവർ ക്യാന്പിലുള്ള പെന്നി ക്യുക്ക് സ്മാരകം സന്ദർശിക്കും. വൈകിട്ട് ഉത്തമപാളയം കർഷക സമിതിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കും. തിങ്കളാഴ്ച പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം ഇവർ സ്വദേശത്തേയ്ക്ക് മടങ്ങും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പഠനവും തൊഴിലുമായി ലണ്ടനിൽ താമസിക്കുന്ന പെന്നി ക്വുക്കിന്റെ കുടുംബവുമായി അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന തമിഴ്നാട്ടിലെ തേനി ജില്ലയിലെ ഉത്തപാളയം സ്വദേശി സന്ദന പീരൊളിയുടെ ക്ഷണം സ്വീകരിച്ചാണ് ഇവരെത്തുന്നത്. 2011-ൽ മുല്ലപ്പെരിയർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു.
ഇക്കാര്യം അറിഞ്ഞ പീരൊളി മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ചുള്ള കാര്യങ്ങൾ പഠിച്ചു. തുടർന്ന് വളരെ നാളത്തെ പരിശ്രമത്തിനൊടുവിൽ പെന്നി ക്വുക്കിന്റെ ബന്ധുക്കളെ കണ്ടെത്തി. തെക്കൻ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ കൃഷിക്കും കുടിക്കാനുമായി വെള്ളം എത്തിച്ച പെന്നി ക്വുക്കിനെ തമിഴ് ജനത ദൈവതുല്യമായാണ് കാണുന്നതെന്നും പീരൊളി ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട് കാണണമെന്ന ആഗ്രഹം ബന്ധുകൾ പ്രകടിപ്പിച്ചത്.
