കൊച്ചി: മള്‍ട്ടിപ്ലക്‌സ് സമരം തുടരുമെന്ന് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവില്‍ മള്‍ട്ടിപ്ലക്‌സുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഗോദ ഉള്‍പ്പെടെയുള്ള മലയാളചിത്രങ്ങള്‍ പിന്‍വലിപ്പിക്കാനാണ് നീക്കം.

വിതരണക്കാര്‍ക്ക് നല്‍കുന്ന തിയറ്റര്‍ വിഹിതം കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് മള്‍ട്ടിപ്ലക്‌സില്‍ നിന്ന് സിനിമ പിന്‍വലിച്ച് സമരം നടക്കുന്നത്. രണ്ടാഴ്ചയായി തുടരുന്ന സമരത്തിന്റെ തുടക്കത്തില്‍ ബാഹുബലിയടക്കമുള്ള ചിത്രങ്ങള്‍ തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചിരുന്നു. രാമന്റെ ഏദന്‍തോട്ടവും അച്ചായന്‍സും അടക്കമുള്ള മലയാള ചിത്രങ്ങളും മള്‍ട്ടിപ്ലക്‌സില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍ സമരത്തിനിടെ തന്നെ ഗോദ, കെയര്‍ഫുള്‍ തുടങ്ങിയ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സുകളില്‍ റിലീസാവുകയും ചെയ്തു. ഗോദ മള്‍ട്ടിപ്ലക്‌സില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനമായതായാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ പറയുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് ഗോദയുടെ നിര്‍മ്മാതാവ് മുകേഷ് ആര്‍ മേത്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു, സംസ്ഥാനത്തെ എ ക്ലാസ് തീയറ്റുകളില്‍ ആദ്യ ആഴ്ച സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തീയറ്റര്‍ വിഹിതത്തിന്റെ അറുപത് ശതമാനം നിര്‍മാതാവിനും വിതരണക്കാര്‍ക്കും ലഭിക്കും. എന്നാല്‍ മള്‍ട്ടിപ്ലക്‌സുകള്‍ ആദ്യ ആഴ്ചയില്‍ നല്‍കുന്നത് അമ്പത്തിയഞ്ച് ശതമാനമാണ്. തുടര്‍ന്നുള്ള ആഴ്ചകളിലും ഈ കുറവുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്‌.