കമ്പനിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മരിച്ചവരുടെ ബന്ധുക്കൾ

മുംബൈ: മുംബൈ വിമാനാപകടത്തിന്‍റെ അന്വേഷണ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കുമെന്ന് അന്വേഷണം സംഘം. കോക്പിറ്റ് വോയ്സ് റെക്കോർഡറിലെ വിവരങ്ങൾ പരിശോധിക്കുകയാണെന്നും ഇതിനു ശേഷമാകും വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയെന്നും എ.എ.ഐ.ബി ഉദ്യോഗസ്ഥർ അറിയിച്ചു. 

സംഭവസ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥ‌ർ നടത്തുന്ന പരിശോധന ഇന്നും തുടരുകയാണ്. ഇന്നലെ രാത്രിയോടെ വിമാനക്കമ്പനിയുടെ ഉന്നതജീവനക്കാരുമായി ചേര്‍ന്ന് എ.എ.ഐ.ബി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. വിമാനത്തിൽ നിന്ന് ലഭിച്ച കോക്പിറ്റ് വോയ്സ് റെക്കോർഡറിലെ വിവരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച്ചയോടെ ഇതിന്‍റെ പരിശോധന പൂ‍ർത്തിയാകും. സംഭവദിവസം ഉച്ചയ്ക്ക് 1.07ന് വിമാനം ലാൻഡിംഗിന് തയ്യാറെന്ന സന്ദേശം ലഭിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നും ജൂഹു എയ‍ർ ട്രാഫിക്ക് കൺട്രാളിലെ ജീവനക്കാ‍ർ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച വിമാനജീവനക്കാരുടെ ബന്ധുക്കൾ രംഗത്തെത്തി. പറക്കലിന് സജ്ജമല്ലാത്ത വിമാനം പരീക്ഷണപ്പറക്കൽ നടത്തണമെന്ന് യു.വൈ കമ്പനി അധിക്യതർ ആവിശ്യപ്പെട്ടതായി മരിച്ച സഹപൈലറ്റ് മറിയ സുബേരിയുടെ ഭർത്താവ് ആരോപിച്ചു. കമ്പനിക്കെതിരെ കോടതിയെ സമീപിക്കുമെന്നും മരിച്ചവരുടെ ബന്ധുക്കൾ അറിയിച്ചു.