മൂന്നാര്‍: നിർമ്മാണ നിരോധനം മറികടന്ന് മൂന്നാറിൽ ഏതാനും വർഷത്തിനിടെ പണിതീർത്തത് നിരവധി വൻകിട കെട്ടിടങ്ങൾ. പള്ളിവാസൽ, ചിത്തിരപുരം മേഖലകളിലാണ് വൻകിട നിർമ്മാണങ്ങളിലേറെയും

2010-ലാണ് മൂന്നാറിൽ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിലുള്ള വൻകിട നിർമ്മാണങ്ങൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മൂന്നു നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് അനുമതി നൽകരുതെന്നും നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് അന്ന് ദേവികുളം സബ്കളക്ടർ ആയിരുന്ന എം.ജി.രാജമാണിക്യം നിരവധി നിർമ്മാണങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി. എന്നാൽ തുടർ നടപടി ഉണ്ടായില്ല.

ഉടമകൾ നിർമ്മാണം പൂർത്തിയാക്കി. റവന്യൂ ഉദ്യോഗസ്ഥർ ഇതു കണ്ടില്ലെന്നു നടിക്കുകയും ചെയ്തു. പള്ളിവാസൽ, രണ്ടാം മൈൽ . ചിത്തിരപുരം തുടങ്ങിയ മേഖലകളിൽ പത്തും പതിനഞ്ചും നിലയുള്ള റിസോർട്ടുകളാണ് പണിതത്.പലതും പ്രവർത്തനം ആരംഭിച്ചു. മറ്റു ചിലതിൻറെ പണികൾ അവസാനഘട്ടത്തിലെത്തി. ചിത്തിരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ സ്ഥലം കയ്യേറി നിർമ്മിച്ചെന്ന് കണ്ടെത്തി സ്റ്റോപ്പ് മെമ്മോ നൽകിയ റിസോർട്ടു പോലും പണിതീർത്തു. 

സ്റ്റോപ്പ് മെമ്മോ ലഭിച്ച ശേഷം നിർമ്മാണം നിർത്തി വച്ചവയും ഇവിടുണ്ട്. അടുത്തയിടെ ദേവികുളം സബ്കളക്ടർ കയ്യേറ്റത്തിനെതിരെ നടപടികൾ ശക്തമാക്കിയതോടെ 45 ഓളം വൻകിട നിർമ്മാണങ്ങൾക്കാണ് ദേവികുളം തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകിയത്.