സര്‍ക്കാര്‍ ഭൂമി കൈയേറിയവരെ കണ്ടെത്തുന്നതിനും നിയമ നടപടി സ്വീകരിക്കുന്നതിനും തഹസില്‍ദാര്‍ മൂന്നാര്‍ പൊലീസ്സിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഇടുക്കി: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് കയ്യേറിയ സംഭവത്തില്‍ തഹസില്‍ദാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അഞ്ച് പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തയായി സൂചന. ഉന്നത രാഷ്ട്രീയ പിന്‍ബലത്തിലാണ് ഭൂമി കയ്യേറിയതെന്ന് ആരോപണം
ഇടുക്കി. 

വില്ലേജ് ഓഫീസറുടെ വ്യാജ കൈവശരേഖയും സീലും ഉപയോഗപ്പെടുത്തിയാണ് സര്‍ക്കാരിന്റെ കോടികള്‍ വിലമതിക്കുന്ന ഭൂമി സംഘം കൈയടക്കിയതെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ ഭൂമിയിലെ കാടുകള്‍ വെട്ടിത്തെളിച്ച് ഷെഡുകള്‍ നിര്‍മ്മിക്കുകയും ഇൗ സ്ഥലമെല്ലാം പിന്നീട് കോടികള്‍ക്ക് മറിച്ചുവില്‍ക്കുകയുമാണ് ചെയ്യുന്നതെന്ന് തഹസില്‍ദാര്‍ പറയുന്നു. 

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലെ മുന്നാര്‍ വില്ലേജ് ഓഫീസിന് സമീപത്താണ് ഇത്തരത്തില്‍ മാഫിയ സംഘം ഭൂമി കൈയ്യടക്കി ഷെഡുകള്‍ നിര്‍മ്മിച്ച് മറിച്ചുവില്‍ക്കുന്നതായി ദേവികുളം തഹസില്‍ദാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഇവിടെയെത്തി കയ്യേറ്റങ്ങള്‍ പൊളിച്ച് നീക്കുകയും ചെയ്തു. 

സര്‍ക്കാര്‍ ഭൂമി കൈയേറിയവരെ കണ്ടെത്തുന്നതിനും നിയമ നടപടി സ്വീകരിക്കുന്നതിനും തഹസില്‍ദാര്‍ മൂന്നാര്‍ പൊലീസ്സിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മൂന്നാര്‍ എസ് ഐ വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അഞ്ച് പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നതാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസ് പുറത്ത് വിട്ടിട്ടില്ല. 

മൂന്നാറിലെ ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് ഭൂമി വ്യാപകമായി കയ്യേറിയതെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇടത്, വലത് പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വമടക്കം ഇതിനെതിരേ പ്രതികരിക്കുവാന്‍ തയ്യാറായിട്ടില്ല. ഏതാനും ദിവസ്സങ്ങള്‍ക്കുള്ളില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നതാണ് കരുതുന്നത്