ഒമാനിലെ സലാലയില്‍ മോഷണ ശ്രമം ചെറുക്കുന്നതിനിടയില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഹില്‍ട്ടണ്‍ ഹോട്ടലിലെ ജീവനക്കാരി ആയിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സിന്ധു കുമാരിയാണ് കൊല്ലപ്പെട്ടത്. മോഷണശ്രമം ചെറുക്കുന്നതിനിടെയായിരുന്നു കൊലപാതകം. പ്രതിയെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി.

വെള്ളിയായ്ച്ച രാവിലെ ആയിരുന്നു സംഭവം. സിന്ധു കുമാരി താമസിച്ചിരുന്ന സ്ഥലത്ത് അതിക്രമിച്ചു കയറിയ പ്രതിക്ക് മോഷണ ശ്രമം ആയിരുന്നു ലക്ഷ്യം. മോഷണം തടയാന്‍ ശ്രമിച്ച സിന്ധുവിനെ അക്രമി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്, സിന്ധുവിന്റെ ശരീരത്തിലുണ്ടായിരുന്നതും, മറ്റു ആഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്‌ടാവ് കൈവശപ്പെടുത്തി കടന്നുകളയുകയായിരുന്നു.

എന്നാല്‍ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടുകയുണ്ടായി. ആദം എന്ന സ്ഥലത്ത് വെച്ചാണ് പ്രതി പിടിയിലായത്.

ഒമാനിലേക്ക് രേഖകളില്ലാതെ പ്രവേശിച്ച അറബ് വംശജന്‍ ആണ് പ്രതിയെന്നു റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മസ്‌കത്ത് ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ മന്‍പ്രീത് സിംഗ് അനന്തര നടപടികള്‍ക്കായി റോയല്‍ ഒമാന്‍ പൊലീസുമായി ബന്ധപെട്ടു കൊണ്ടിരിക്കയാണ്.

തിരുവനന്തപുരം നെടുമങ്ങാട് മീനാങ്കല്‍ സ്വദേശിനി ആയ സിന്ധു കുമാരിക്കു നാല്പത്തി രണ്ടു വയസ്സായിരുന്നു പ്രായം.

മൃതദേഹം സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.