മുംബൈ: മുംബൈ ബയന്ദറിലെ ഇ‍രട്ട കൊലപാതകത്തിൽ യുവതിയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പണത്തിനു വേണ്ടിയുള്ള തർക്കമാണ് കൊലപതാകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് മുംബൈയിലെ ബയന്തറിലെ ഫ്ലാറ്റിൽ ദീപിക സാങ്ങ് വിയും അവരുടെ 8 വയസ്സുള്ള മകൾ ഹെതവിയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപതാകത്തെക്കുറച്ച് നിരവധി ദൂരൂഹതകൾ നിലനിന്നിരുന്നു. വിവാഹ മോചിതയായിരുന്ന ദീപികയുടെ മുൻ ഭർത്താവിലേക്കും അന്വേഷണം എത്തി. എന്നാൽ ഫ്ലാറ്റിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദ്യശ്യങ്ങളാണ് കേസിൽ നിർണ്ണായക തെളിവായത്. ഇതോടെയാണ് യുവതിയുടെ കാമുകനായ നാസിക്ക് സ്വദേശി വിനായക് അപ്പൂറിലേക്ക് പോലീസ് അന്വേഷണം എത്തി ചേർന്നത്.

ദീപിക ജോലി ചെയ്തിരുന്ന കാൾ സെന്റെറിലെ സഹപ്രവ‍ർത്തകനായിരുന്നു വിനായക് . ഇവിടെത്തെ പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതോടെ യുവതിയുടെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായി വിനായക് മാറി. എന്നാൽ പിന്നിട് ദീപികയോട് ഇയാൾ സ്ഥിരമായി പണം ആവിശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. വിനായകിന്റെ ശല്യം സഹിക്കാൻ കഴിയാതെ ദീപിക കാൾ സെന്റെറിലെ ജോലി ഉപേക്ഷിച്ചു. തുടർന്ന് ദീപികയെ കാണുന്നതിയായി വിനായക് ഫ്ലാറ്റിൽ എത്തുകയായിരുന്നു.

ഫ്ലാറ്റിൽ എത്തിയ വിനായക് ദീപികയുമായി പണത്തെ ചൊല്ലി തർക്കത്തിലാകുകയും തുടർന്ന് ദീപികയെ കൊലപ്പെടുത്തുകയും ആയിരുന്നു. ദീപികയുടെ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ദീപിക ലൈംഗിക അതിക്രമത്തിനിരയായതായും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അമ്മയെ വിനായക് കൊല്ലുന്നത് കണ്ടതിനെ തുടർന്നാണ് ഹെതവിയെയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മുംബൈയിൽ നിന്നും ഇയാൾ കടന്നു കളയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് പോലീസ് പ്രതിയെ നാസിക്കിൽ നിന്നും അറസ്റ്റ് ചെയ്‍തത്.