കോഴിക്കോട്: മുക്കത്ത് അനധികൃത ക്വാറികൾക്കെതിരെ പ്രതികരിച്ച പരിസ്ഥിതി പ്രവർത്തകനെ ടിപ്പർ ഇടിപ്പിച്ച് കൊലപെടുത്താൻ ശ്രമം. മുക്കം മരഞ്ചാട്ടി സ്വദേശി ബഷീറിന് നേരെയാണ് ആക്രമണം.ബഷീറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

11 മണിയോടെ മരഞ്ചാട്ടിയിലെ അംഗൻവാടിക്ക് സമീപം വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് ബഷീറിനെ ടിപ്പറിടിപ്പിച്ച് കൊലപെടുത്താൻ ശ്രമിച്ചത്. ക്വാറികൾക്കെതിരെ പ്രതികരിച്ചാൽ കൊന്ന് കളയുമെന്ന് ആക്രോശിച്ച് ഡ്രൈവർ ടിപ്പർ ലോറിയുടെ ഡോർ മുഖത്തിടിപ്പിക്കുകയായിരുന്നു. പിന്നാലെ മറ്റൊരു ടിപ്പറിലെത്തിയ ആൾ മർദ്ദിച്ചു. ആക്രമണത്തിൽ ബഷീറിന്‍റെ ഒരു പല്ല് പൊട്ടുകയും 3 പല്ലുകൾ ഇളകുകയും ചെയ്തു.

മുക്കത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ അനധികൃത ക്വാറികൾക്കെതിരെ വിജിലൻസിനും പൊലീസിലും പരാതി നൽകിയത് ബഷീറിന്‍റെ നേതൃത്വത്തിലായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.

ടിപ്പർ ഡ്രൈവർ പറമ്പിൽ ഷുഹൈദ്, ക്ലീനർ സുനീർ എന്നിവർക്കെതിരെ ബഷീർ മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.മുക്കം മേഖലയിലെ അനധികൃത ക്വറികൾക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ വാർത്താ പരമ്പരയിലും ബഷീർ പ്രതികരിച്ചിരുന്നു.നേരത്തെയും ബഷീറിന് നേരെ ആക്രമണ ശ്രമങ്ങളുണ്ടായിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും പിടികൂടിയിട്ടില്ല.