എറണാകുളം പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കുടുംബപ്രശ്‍നമാണ് കൊലപാതകത്തിൽ കലാശിച്ചത്. അടുക്കളയിലെ ഇരുമ്പ് അടുപ്പുകൊണ്ട് അടിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയത്.

കുറുപ്പുംപടിക്കടുത്ത് തുരുത്തി നാലുകണ്ടത്തിൽ ലേഖയാണ് കൊല്ലപ്പെട്ടത്. 35 വയസായിരുന്നു. ഭർത്താവ് ശിവദാസനെ പൊലീസ് പിന്നീട് അറസ്റ്റുചെയ്‍തു. കുടുംബ പ്രശ്‍നങ്ങളെച്ചൊല്ലിയാണ് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. തർക്കം മൂത്തതോടെ അടുക്കളയിലുണ്ടായിരുന്ന ഇരുന്പ് അടുപ്പ് എടുത്ത് ഭാര്യയുടെ തലക്കടിച്ചു. അഞ്ച് വയസുളള കുട്ടിയും വീട്ടിലുണ്ടായിരുന്നു. ചോരവാർന്ന് ബോധരഹിതയായി വീണ ലേഖ മരിച്ചെന്ന് ഉറപ്പായതോടെയാണ് ശിവദാസൻ വീട്ടിൽ നിന്ന് രക്ഷപെട്ടത്. ഒപ്പം കുട്ടിയേയും കൂട്ടി. ലേഖയുടെ മരണവിവരം പരിസരവാസികളാണ് പൊലീസിനെ അറിയിച്ചത്. ഭർത്താവ് ശിവദാസൻ കുട്ടിയുമായി ബസിൽ കയറി പോകുന്നതുകണ്ടെന്ന് പ്രദേശവാസികൾ പൊലീസിനെ അറിയിച്ചു. തുടർന്ന് ആലുവ- പെരുന്പാവൂർ റൂട്ടിൽ പട്ടിപ്പാറയിൽവെച്ചാണ് പൊലീസ് പെട്രോളിങ് സംഘം ശിവദാസനെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചായി പൊലീസ് അറിയിച്ചു. മുന്പും ശിവദാസനും ലേഖയും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇടക്കാലത്ത് പൊലീസും ഇടപെട്ടിരുന്നു. പ്രതിയെ കുറുംപ്പുംപടി കോടതിയിൽ ഹാജരാക്കും.