കൊല്ലം: പുനലൂരില്‍ മത്സ്യവ്യാപാരിയെ തലക്കടിച്ചുകൊന്ന കേസില്‍ ബന്ധു പിടിയില്‍. പുനലൂര്‍ മുസാവരിക്കുന്ന് കോളനി സ്വദേശി അമീറാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 21നാണ് പുനലൂര്‍ മുസാവരിക്കുന്ന് കോളനി സ്വദേശി റഷീദ് മരിക്കുന്നത്. മത്സ്യവ്യാപാരിയായ റഷീദ് രാത്രി ഉറങ്ങാന്‍ കിടന്നതിന് ശേഷം രാവിലെ ഉണരാത്തതിനാല്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
റഷിദ് മരിച്ചതായി പരിശോധനയില്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തലയോട്ടിക്കേറ്റ ക്ഷതം മൂലമാണ് മരണമെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തെങ്കിലും പ്രതി ആരെന്ന് കണ്ടെത്താനായിരുന്നില്ല.
21ന് വൈകിട്ട് റഷീദും മറ്റൊരളുമായി വഴക്കുണ്ടായതായി റഷീദിന്‍റെ സഹായി മുത്തു പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബന്ധുവും അയല്‍വാസിയുമായ അമീര്‍ റഷീദിന്‍റെ ശവസംസ്കാര ചടങ്ങിലും മറ്റും പങ്കെടുക്കാതിരുന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടു. പിന്നീട് അമീറിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ വിവരങ്ങള്‍ പുറത്തറിയുന്നത്.
ഇരുവരും തമ്മില്‍ വഴക്കുണ്ടായ സമയത്ത് റഷീദിനെ ഓടയില്‍ തള്ളിയിട്ടതായി അമീര്‍ പൊലീസിനോട് പറഞ്ഞു. അവിടെ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ച റഷീദിനെ കല്ലുകൊണ്ട് തലക്കടിക്കുകയും ചെയ്തതായും അമീര്‍ വെളിപ്പെടുത്തി. പുനലൂര്‍ സി ഐ ബിനു വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
