ദില്ലി: കാമുകനോട് ഫോണില്‍ സംസാരിക്കുന്നത് അമ്മയോട് പറഞ്ഞതിന് സഹോദരനെ 19 കാരി കൊലപ്പെടുത്തി. 10 ാംക്ലാസുകാരനായ മോണ്ടി സിങ്ങിനാണ് സഹോദരി കാജളിന്‍റെ കയ്യാല്‍ ദാരുണാന്ത്യം. ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തിയതിന് ശേഷം കത്തികൊണ്ട് കഴുത്ത് മുറിച്ചാണ് കൊലപ്പെടുത്തിയത്.

ഹരിയാനയിലെ റോത്തക്കിലുള്ള സമര്‍ ഗോപാല്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. കൃത്യം നടത്തിയതിന് ശേഷം കുറ്റം പിതാവിന്‍റെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും കാജളിന്‍റെ മൊഴിയിലെ വൈരുധ്യങ്ങള്‍ വിനയായി. വീടിനുള്ളില്‍ വെച്ച് സഹോദരനെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കിടക്കയില്‍ ഉപേക്ഷിച്ചു. പിന്നീട് തറയിലേയും വസ്ത്രത്തിലേയും ചോരക്കറ കഴുകി വൃത്തിയാക്കി പാനിപ്പത്തിലേക്കുള്ള ബസില്‍ കയറി രക്ഷപ്പെട്ടു. പിന്നീട് അമ്മയെ വിളിച്ച് പെണ്‍കുട്ടി പറഞ്ഞത് അച്ഛന്‍ തേജ് പാല്‍ തന്നെയും മോണ്ടിയേയും കൊല്ലാന്‍ ശ്രമിച്ചെന്നും അവിടെ നിന്ന് താന്‍ രക്ഷപ്പെട്ടെന്നും.

മക്കളെ തേജ് പാല്‍ ആക്രമിച്ചിരുന്നെന്ന് അമ്മ സൂശീല പൊലീസിനെ അറിയിച്ചിരുന്നു. ഇതോടെ പൊലീസ് തേജ് പാലിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ മൊഴിയിലെ വൈരുധ്യങ്ങള്‍ മൂലം വീണ്ടും പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെ യാഥാര്‍ത്ഥ്യം പുറത്ത്‍വന്നു. സംഭവത്തില്‍ കാജളിനെ പൊലീസ് അറസ്റ്റ് ചെയ്തു.