കൊല്ലം: കൊട്ടാരക്കര പത്തനാപുരത്ത് യുവതിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ റിമാൻഡിൽ . ഭര്‍ത്താവ് അജീഷ്, അജീഷിന്‍റെ മാതാപിതാക്കള്‍ എന്നിവരാണ് റിമാൻഡിലായത്.

കഴിഞ്ഞ മാസം 24നാണ് പത്താനാപുരും പുന്നല സ്വദേശിയായ രേവതി ഭര്‍ത്താവിന്‍റെ വീട്ടില്‍ വച്ച് മരിക്കുന്നത്. ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്നാണ് മരണമെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ . രേവതിയെ ഭര്‍ത്താവും മാതാപിതാക്കളും നിരന്തരം മര്‍ദിക്കുമായിരുന്നെന്ന് വെളിപ്പെടുത്തിയ നാട്ടുകാര്‍ കൊലപാതകമാണെന്ന ആരോപണം ഉയര്‍ത്തി. രേവതിക്ക് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടും വീടിന് കാര്യമായ ഒരു നാശവും ഉണ്ടാകാതിരുന്നതും സംശയം ബലപ്പെടുത്തി.

ആരോപണം ഉയര്‍ന്നതോടെ ഭര്‍ത്താവ് അജീഷ്, ഇയാളുടെ മാതാപിതാക്കളായ ശാന്തമ്മ, പുരുഷോത്തമന്‍ എന്നിവര്‍ ഒളിവില്‍ പോയി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെ ഇവര്‍ പുനലൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരത്ത് ബന്ധുവീട്ടില്‍ ഒളിവിലായിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. സ്ത്രീധന നിരോധന നിയമപ്രകാരമാണ് മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. രേവതിയുടെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.