കൊച്ചി: ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളിയായ മുരുകന്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിചേര്‍ത്ത ഡോക്ടര്‍മാരുടെ അറസ്റ്റ് ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറായ പാഡ്രിക്, സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ ശ്രീകാന്ത് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നിര്‍ദേശം.
പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയ മനപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു. മുരുകന്റെ ചികില്‍സയുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗത്ത് പിഴവ് ഉണ്ടായിട്ടില്ലെന്നും ഒഴിവുളള വെന്റിലേറ്റര്‍ സൗകര്യം ആശുപത്രിയില്‍ അന്നേരം ഇല്ലായിരുന്നെന്നുമാണ് ഡോക്ടര്‍മാരുടെ വാദം.
