ഗുവാഹത്തി: പ്രശസ്ത സംഗീതജ്ഞൻ ഭൂപെൻ ഹസാരികയുടെ കുടുംബം ഭാരതരത്ന നിരസിച്ചു. പൗരത്വബിൽ കൊണ്ടുവന്ന കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് ഹസാരികയുടെ കുടുംബം ഭാരതരത്ന നിരസിച്ചത്. 

ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. പൗരത്വബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത പ്രതിഷേധമാണുണ്ടായത്. പുതിയ ബില്ല് രാജ്യത്ത് രണ്ട് തരം പൗരൻമാരെ സൃഷ്ടിക്കുമെന്നാരോപിച്ചായിരുന്നു പ്രതിഷേധം. 

1971-ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ എല്ലാ വിദേശപൗരന്‍മാരേയും തിരിച്ചയക്കാനാണ് 1985-ലെ അസം ആക്ട് നിര്‍ദേശിക്കുന്നത്. എന്നാല്‍ 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്തു കൊണ്ടു വരുന്ന പുതിയ ബില്ലില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജയിൻ, പാര്‍സികള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് ആറ് വര്‍ഷം രാജ്യത്ത് താമസിച്ചാല്‍ പൗരത്വം നല്‍കാനാണ് ശുപാര്‍ശ ചെയ്യുന്നത്. 

എന്നാൽ ഇതിൽ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങളെ ഒഴിവാക്കിയതിൽ വലിയ പ്രതിഷേധമാണുയർന്നത്. പ്രതിപക്ഷം ഇതിനെതിരെ ലോക്സഭയിൽ വലിയ പ്രതിഷേധമുന്നയിച്ചു. അസമീസ് ഗോത്രവിഭാഗങ്ങളും തദ്ദേശീയ പാർട്ടികളും ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. അനധികൃത കുടിയേറ്റക്കാരുടെ ഭാരം സംസ്ഥാനസർക്കാരിന് മേൽ കെട്ടിവച്ച് രക്ഷപ്പെടുകയാണ് കേന്ദ്രസർക്കാരെന്നായിരുന്നു ഇവരുടെ ആരോപണം. 

2014-ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. പശ്ചിമബംഗാളിലുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ബംഗ്ലാദേശിൽ നിന്നും മറ്റും വന്ന അനധികൃത ഹിന്ദു കുടിയേറ്റക്കാരുടെ വോട്ട് വാങ്ങാനുള്ള ബിജെപി തന്ത്രമാണിതെന്ന് തൃണമൂൽ കോൺഗ്രസും ആരോപിച്ചിരുന്നു. 

ആരാണ് ഭൂപെൻ ഹസാരിക?

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ത്യക്ക് ലഭിച്ച ഏറ്റവും പ്രതിഭാധനൻമാരായ സംഗീതജ്ഞരിൽ ഒരാളാണ് ഭൂപെൻ ഹസാരിക. അറിയപ്പെട്ടിരുന്നത് ഒരു പാട്ടുകാരനായിട്ടായിരുന്നെങ്കിലും ഭൂപേൻ കൈവെക്കാത്ത മേഖലകൾ കുറവാണ്. വടക്കുകിഴക്കൻ ഇന്ത്യയിലെ അസം എന്ന കൊച്ചു സംസ്ഥാനത്തെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തിയതിൽ ഹസാരികയ്ക്കുള്ള പങ്ക് ചെറുതല്ല.

അദ്ദേഹം സംവിധാനം ചെയ്ത 'ഗ്ലിം‌പ്‌സസ് ഓഫ് ദി മിസ്റ്റി ഈസ്റ്റ്' എന്ന ഡോക്യൂമെന്ററി 1947  മുതൽ 1997  വരെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകത്തിന്റെ നേർക്കാഴ്ചയാണ്.   

1990-ൽ പുറത്തിറങ്ങിയ രുദാലി എന്ന ചിത്രത്തിന് വേണ്ടി ഡോ. ഭൂപേൻ ഹസാരിക ഈണമിട്ട 'ദിൽ ഹൂം ഹൂം കരേ...' എന്ന പാട്ട് ഹിന്ദിയിലെ ക്‌ളാസ്സിക് പാട്ടുകളിൽ ഒന്നാണ്. 

Read More: രുദാലിയുടെ ഹൃദയമിടിപ്പുകൾക്ക് ഈണം പകർന്ന ഭൂപേൻ