2006ലാണ് ഇതിന് മുമ്പ് മുസ്ലീംലീഗ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സംസ്ഥാനപ്രവര്‍ത്തക സമിതി ക്യാമ്പ് സംഘടിപ്പിച്ചത്. അന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും കെ.പി.എ മജീദും ഇ.ടി മുഹമ്മദ് ബഷീറുമടക്കമുള്ള പ്രമുഖര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ തോറ്റ് മുസ്ലീം ലീഗ് വെറും എട്ട് സീറ്റിലൊതുങ്ങിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികളേയും മുസ്ലീംലീഗ് ഇതുപോലതന്നെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കൊടുവള്ളി, തിരുവമ്പാടി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ തോല്‍വിയും പൊതുവെയുണ്ടായ വോട്ടുചോര്‍ച്ചയേയും പറ്റി പഠിക്കാന്‍ മൂന്ന് അന്വേഷണ കമ്മീഷനുകളെയാണ് മെയ് 29 ന് ചേര്‍ന്ന സംസ്ഥാനസമിതി ചുമതലപ്പെടുത്തിയത്. ഇതില്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ തോല്‍വിയെ പറ്റിയും പൊതുവെയുണ്ടായ വോട്ടുചോര്‍ച്ചയെ പറ്റിയും അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റികളുടെ റിപ്പോട്ട് തയ്യാറായിട്ടില്ലെന്നാണ് സൂചന.

തെരഞ്ഞെടുപ്പില്‍ എ.പി വിഭാഗത്തിന്റെ നിലപാട് യുഡിഎഫിന് തിരിച്ചടിയായിരുന്നു. ഇ.കെ വിഭാഗമാകട്ടെ മുസ്ലീംലീഗ് മത്സരിക്കാത്ത പലയിടങ്ങളിലും യുഡിഎഫിനൊപ്പമായിരുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം മുസ്ലീംലീഗ് എ.പി വിഭാഗത്തിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇടതുമുന്നണിയും സമസ്തയും തമ്മില്‍ അടുക്കുന്നത് ഏറെ ആശങ്കയോടെയാണ് ലീഗ് നേതൃത്വം കാണുന്നത്. ഇക്കാര്യങ്ങളില്‍ വിശദമായ ചര്‍ച്ച യോഗത്തിലുണ്ടാകും. നിലവിലെ യുഡിഎഫ് സാഹചര്യങ്ങളും ബിജെപി കേന്ദ്രഭരണത്തിലെ ആശങ്കകളും തുടങ്ങി ചൂടേറിയ രാഷ്‌ട്രീയ വിഷയങ്ങള്‍ ആദ്യദിനത്തില്‍ ചര്‍ച്ചയാകും. പാര്‍ട്ടി സംഘടനാ കാര്യങ്ങളും മറ്റും ക്യാമ്പിന്റെ രണ്ടാം ദിവസമാകും പരിഗണിക്കുക. ലീഗിന്റെ പോഷകസംഘടന നേതാക്കളടക്കം 120 ഓളം പേരാണ് സംസ്ഥാന പ്രവര്‍ത്തക സമിതി ക്യാമ്പില്‍ പങ്കെടുക്കുന്നത്.