റാഞ്ചി: ജാര്‍ഖണ്ഡില്‍ പൊതുവേദിയില്‍ യോഗ അഭ്യസിപ്പിച്ച മുസ്ലിം യുവതി റാഫിയയുടെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. സ്വന്തം സമുദായത്തില്‍ ഉള്ളവരില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ സ്വകാര്യ ചാനലുമായി പങ്കവയ്ക്കുന്നതിനിടയിലായിരുന്നു ആക്രമണം.

മതത്തിന്റെ മൂല്യങ്ങള്‍ക്ക് കളങ്കം വരുത്തുന്നതാണെന്നു യോഗ പരിശീലനം നിര്‍ത്തിയില്ലെങ്കില്‍ കൊന്നുകളയുമെന്നുമുള്ള നിരവധി ഭീഷണികള്‍ റാഫിയയെ തേടിയെത്തിയിരുന്നു.തുടര്‍ന്ന് ഇത് സംബന്ധിച്ച് സ്വകാര്യ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ തത്സമയം സംസാരിക്കുന്നതിനിടയിലായിരുന്നു ഒരു കൂട്ടം ആളുകള്‍ വീടിനു നേരെ കല്ലെറിയുകയും ആക്രമണം നടത്തുകയും ചെയ്തത്. ആക്രമണത്തില്‍ ഭയന്ന യുവതി സംസാരം നിര്‍ത്തുകയയായിരുന്നു.

യോഗ പഠിപ്പിച്ച മുസ്ലിം യുവതിക്ക് വധഭീഷണി; പ്രതികരണവുമായി രാംദേവ് 

ബാബാ രാംദേവ് ഇരിക്കുന്ന വേദിയില്‍ യോഗ പരിചയപ്പെടുത്തുന്ന റഫിയ നാസ് എന്ന യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് യുവതിക്കെതിരെ ചിലര്‍ വധഭീഷണയുമായി എത്തിയത്. 

യോഗ അഭ്യസിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഷിയ വിഭാഗം റഫിയക്കെതിരെ ഫത്വയും പുറപ്പെടുവിച്ചിരുന്നു. അതേസമയം യോഗ നിര്‍ത്തണമെന്ന ഭീഷണി വകവയ്ക്കുന്നില്ലെന്നും ജീവിതാവസാനം വരെ യോഗ തുടരുമെന്നുമുള്ള നിലപാടിലായിരുന്നു റഫിയ. റാഞ്ചിയിലെ ഡൊറന്‍ഡ സ്വദേശിനിയായ റഫിയ എംകോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.