പാരിസ്: ലോകത്തെ യഥാര്‍ത്ഥ ഇസ്ലാം വിശ്വാസികള്‍ മുഴുവന്‍ ഇസ്ലാമിക് സ്റ്റേറിന് എതിരാണെന്ന് പ്രഖ്യാപിച്ച് ഫ്രാന്‍സിലെ മുസ്ലീം സമൂഹം. വടക്കന്‍ ഫ്രാന്‍സില്‍ ക്രിസ്തീയ ദേവാലയത്തില്‍ ഐ എസ് ഭീകരവാദികള്‍ കൊലപ്പെടുത്തിയ പുരോഹിതനായുള്ള പ്രാര്‍ഥനാ ചടങ്ങുകളില്‍ മുസ്ലിംകളും പങ്കെടുത്തു. രാജ്യത്തെ വിവിധ ദേവാലയങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങുകളില്‍ നൂറുകണക്കിന് മുസ്ലിംകളാണ് പങ്കെടുത്തത്.

കൊല്ലപ്പെട്ട പുരോഹിതന്‍ ഫാ. ജാക്വസ് ഹെമലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്യത്തെ ഇസ്ലാംമത വിശ്വാസികളോട് ഫ്രഞ്ച് മുസ്ലിം കൗണ്‍സില്‍ ആഹ്വാനം ചെയ്തിരുന്നു. ഹെമല്‍ കൊല്ലപ്പെട്ട നോര്‍മന്‍ഡി നഗരത്തിനടുത്തുള്ള റൂവെന്‍ കത്തീഡ്രലില്‍ നൂറിലധികം മുസ്ലിംകളാണ് പ്രാര്‍ഥനാ ചടങ്ങിനെത്തിയത്.

അക്രമത്തിന് ദൃക്‌സാക്ഷിയായിരുന്ന കന്യാസ്ത്രീയും കുര്‍ബാനയില്‍ പങ്കെടുത്തു. മുസ്ലീങ്ങളുടെ ഐക്യാര്‍ദാര്‍ഡ്യ പ്രകടനത്തെ സന്തോഷപൂര്‍വ്വമാണ് ക്രൈസ്തവര്‍ സ്വാഗതം ചെയ്തത്. മുസ്ലീം സഹോദരങ്ങളുടെ സാന്നിധ്യം ഈ അവസരത്തില്‍ വളരെ ഹൃദയസ്പര്‍ശിയാണ്. അവര്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നത് ധൈര്യത്തിന്റെ പ്രകടനമാണെന്ന് റൂവനിലെ ആര്‍ച്ച്ബിഷപ്പ് ഡൊമനിക് ലെബ്രൂണ്‍ പറഞ്ഞു.

‘ലോകത്തെ മുഴുവന്‍ ക്രിസ്ത്യാനികളുടെ പേരിലും ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു. ദൈവത്തിന്‍റെ പേരിലുള്ള സംഘര്‍ഷങ്ങളെയും മരണങ്ങളെയും നിങ്ങള്‍ തള്ളിക്കളയുന്നുവെന്ന് ഈ കൂടിച്ചേരല്‍ വ്യക്തമാക്കുന്നു’- അതിഥികളോടായി ബെയ്റണിന്‍റെ വാക്കുകള്‍.

അടുത്തിടെ, ഭീകരാക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെട്ട നീസില്‍ ഇമാമിന്‍റെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ചിലെത്തി. നോട്ടര്‍ഡാമിലും പള്ളി ഇമാമിന്‍റെ നേതൃത്വത്തിലുള്ള മുസ്ലിം പ്രതിനിധികള്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ക്കത്തെി.