ജയ്സാൽമര്‍: മുസ്ലീം നാടോടി ഗായകന്‍റെ കൊലപാതകത്തെ തുടർന്നുണ്ടായ ഭീകരാന്തരീക്ഷത്തിൽ 20ഒാളം മുസ്ലീം കുടുംബങ്ങൾ ഗ്രാമത്തിൽ നിന്ന് ജീവനും കൊണ്ട് ഒാടി. രാജസ്ഥാനിലെ ജയ്സാൽമറിലെ ഡന്‍റല്‍ ഗ്രാമത്തിലാണ് സംഭവം. നവരാത്രി ദിനത്തിൽ ആലപിച്ച രാഗം മോശമായി എന്ന കാരണമാണ് മുസ്ലീം നാടോടി ഗായകൻ അമദ്ഖാന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.
മതപുരോഹിതനായ രമേശ് സുത്താറിനെ ആലാപനത്തിലൂടെ പ്രീതിപ്പെടുത്താായില്ലെന്ന കാരണത്താൽ സ്ഥലത്ത് വെച്ചുതന്നെ അമദ്ഖാൻ മർദിക്കപ്പെടുകയും ചെയ്തിരുന്നു. രാത്രി വൈകി താമസ സ്ഥലത്ത് നിന്ന് തട്ടികൊണ്ടുപോയ ഇദ്ദേഹത്തെ പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.
രാജസ്ഥാനിലെ മാഗ്നിയാർ സമുദായത്തിൽ നിന്നുള്ള നാടോടി ഗായകനാണ് അമദ്ഖാൻ. ജാതിയും മതവും കൂടിച്ചേർന്ന കൊലപാതകത്തെ തുടർന്നാണ് 20ഒാളം കുടുംബങ്ങൾ ഇവിടെ നിന്ന് രക്ഷപ്പെട്ടത്. നവരാത്രി ദിനങ്ങളിൽ ഉൾപ്പെടെ പ്രാദേശിക ക്ഷേത്രങ്ങളിൽ പാടി ജീവിക്കുന്നയാളാണ് അമദ്ഖാൻ. ഇത്തവണ ക്ഷേത്രത്തിൽ പാടാൻ വന്നപ്പോൾ സുത്താർ അമദ്ഖാനോട് പ്രത്യേക രാഗം പാടാൻ ആവശ്യപ്പെട്ടു. അതുവഴി ക്ഷേത്രത്തിലെ ദേവിയുടെ ആത്മാവ് തന്റെ ശരീരത്തിൽ പ്രവേശിക്കണമെന്നും ആയിരുന്നു പുരോഹിതന്റെ താൽപര്യം.
ദേവിയുടെ ആത്മാവ് ശരീരത്തിൽ പ്രവേശിക്കുന്നത് വഴി പ്രാദേശിക പ്രശ്നങ്ങൾ ഇയാൾക്ക് പരിഹരിക്കാൻ കഴിയുമെന്നുമാണ് വിശ്വാസം. എന്നാൽ ഇത്തവണ ദേവി സുത്താറിനെ കൈയൊഴിഞ്ഞെന്നും അമദ്ഖാൻ മോശമായി രാഗം ആലപിച്ചതുകൊണ്ടാണിതെന്നുമായിരുന്നു ആക്ഷേപം. സുത്താർ അമദ് ഖാനെ അധിക്ഷേപിക്കുകയും വാദ്യോപകരണം പൊട്ടിക്കുകയും ചെയ്തു.
രാത്രി വീട്ടിൽ നിന്ന് തട്ടികൊണ്ടുപോയ അമദ്ഖാന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയുമായിരുന്നു. സംഭവം പൊലീസിൽ അറിയിക്കുന്നതിനെതിരെ അമദ്ഖാന്റെ കുടുംബത്തിന് ഭീഷണിയും ലഭിച്ചു. ഭയചകിതരായ അവർ ഉടൻ തന്നെ മൃതദേഹം സംസ്കരിച്ചു. എന്നാൽ ഏതാനും ദിവസത്തിന് ശേഷം ഇവർ ബന്ധുക്കളുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകി.
എന്നാൽ ഇതോടെ യഥാർഥ രൂപത്തിൽ എത്തുകയും പേടിച്ചരണ്ട 20 കുടുംബങ്ങളിലെ 200ഒാളം പേർ ഗ്രാമത്തിൽ നിന്ന് ജീവനും കൊണ്ടോടുകയുമായിരുന്നു. ശാരീരിക മർദനത്തെ തുർന്നാണ് അമദ്ഖാന്റെ മരണം എന്ന് പൊലീസ് സ്ഥിരീകരിച്ചു.
തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷ ഉറപ്പാക്കാൻ തയാറാണെന്ന് ജയ്സാൽമെർ പൊലീസ് സുപ്രണ്ട് ഗൗരവ് യാദവ് പറഞ്ഞു. ഗ്രാമത്തിലെ മുതിർന്നവരുമായി സംസാരിക്കുകയും മുസ്ലീം കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയാൽ കേസെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ടെന്നും എസ്.പി പറഞ്ഞു. ഭീതി ജനകമായ സംഭവ പരമ്പരകൾക്ക് നേരെ മുഖ്യധാരാ മാധ്യമങ്ങൾ കണ്ണടച്ചുവെന്നും പരാതി ഉയർന്നിട്ടുണ്ട്.
