നാദാപുരം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ 2016-17 കാലത്തെ മാഗസിനാണ് രാഷ്ട്രീയ ഉള്ളടക്കങ്ങളെ തുടര്‍ന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലായത്

കോഴിക്കോട്: 'ബീഫ് എന്ന വാക്ക് പാടില്ല, പകരം ഭക്ഷണം എന്നുപയോഗിക്കണം. ദലിത് എന്ന വാക്കിന് പകരം സഹോദരന്‍ എന്നേ പാടുള്ളൂ'. കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ കോളജിലെ മാഗസിനിലാണ് ബീഫ്, ദലിത് അടക്കമുള്ള വാക്കുകള്‍ക്ക് വിലക്ക്. ഇതുമാത്രമല്ല, എം.മുകുന്ദന്റെ നോവല്‍ ഭാഗം, വി ടി ബല്‍റാം എം.എല്‍.എയുടെ അഭിമുഖം, സംഘപരിവാറിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ എന്നിവയും മാഗസിനില്‍ പാടില്ലെന്നാണ് കോളജ് അധികൃതരുടെ നിലപാട്. 114 പേജുള്ള മാഗസിനിലെ മുഖക്കുറിപ്പും കവര്‍ ചിത്രവുമടക്കം 40 പേജുകള്‍ ഒഴിവാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യണമെന്നാണ് പ്രിന്‍സിപ്പലും സ്റ്റാഫ് എഡിറ്ററും ചില അധ്യാപകരും ആവശ്യപ്പെട്ടിരുന്നതെന്ന് മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് പറയുന്നു. എന്നാല്‍, രാഷ്ട്രീയ പക്ഷപാതപരമായ ഉള്ളടക്കം ഒഴിവാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നാണ് കോളജ് പ്രിന്‍സിപ്പല്‍ പറയുന്നത്. 

വാണിമേല്‍ പഞ്ചായത്തിലെ വയല്‍പ്പീടികയില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന നാദാപുരം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ 2016-17 കാലത്തെ മാഗസിനാണ് രാഷ്ട്രീയ ഉള്ളടക്കങ്ങളെ തുടര്‍ന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലായത്. എം.എസ്എഫ്, കെ.എസ്‌യു, എസ്എഫ്‌ഐ എന്നീ സംഘടനകള്‍ സംയുക്തമായി നയിക്കുന്ന കോളജ് യൂനിയന്‍ തയ്യാറാക്കിയ 'ഇമിരിച്ചല്, ചൂടാന്തിരി, പൊയച്ചില്' എന്നു പേരിട്ട മാഗസിനാണ് വിവാദത്തിലായത്. രാജ്യത്ത് നിലനില്‍ക്കുന്ന സങ്കീര്‍ണ്ണമായ അവസ്ഥകളെ രാഷ്ട്രീയമായി സമീപിക്കുന്ന ലേഖനങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും കുറിപ്പുകള്‍ക്കുമാണ് വിലക്ക് വീണത്. രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്നും ചില വിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും കാണിച്ചാണ് വിലക്കെന്ന് യൂനിയന്‍ ഭാരവാഹികള്‍ പറയുന്നു. 

'ബീഫ് എന്ന വാക്ക് പാടില്ല, പകരം ഭക്ഷണം എന്നുപയോഗിക്കണം. ദലിത് എന്ന വാക്കിന് പകരം സഹോദരന്‍ എന്നേ പാടുള്ളൂ'.

ചൂടും പുകച്ചിലും അസഹ്യാവസ്ഥയും വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന നാട്ടുപ്രയോഗമാണ് 'ഇമിരിച്ചല്, ചൂടാന്തിരി, പൊയച്ചില്'. രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയെ വിശേഷിപ്പിക്കാനാണ് ഈ വാക്കുകള്‍ മാഗസിന്റെ ശീര്‍ഷകമായി ഉപയോഗിച്ചതെന്ന് മാഗസിന്‍ കമ്മിറ്റി പറയുന്നു. ചുറ്റുമുള്ള അവസ്ഥകളോടും ഫാഷിസ്റ്റ് ഭീതിയോടും സര്‍ഗാത്മകമായി പ്രതികരിക്കേണ്ട ബാധ്യത കാമ്പസുകള്‍ക്ക് ഉണ്ടെന്നും എല്ലാ കാലത്തെയും കോളജ് മാഗസിനുകള്‍ പങ്കുവെക്കുന്ന ഇത്തരം ഉല്‍ക്കണ്ഠകളാണ് ഈ മാഗസിനും മുന്നോട്ടുവെക്കുന്നതെന്നും എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ഫര്‍സീന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 'നാം ജീവിക്കുന്ന അവസ്ഥകളെക്കുറിച്ചല്ലാതെ ഒരു കോളജ് മാഗസിന്‍ മറ്റെന്താണ് പറയുക? പ്രായപൂര്‍ത്തിയായ, രാഷ്ട്രീയം നിലനില്‍ക്കുന്ന ഒരു കാമ്പസിലെ തികഞ്ഞ രാഷട്രീയ ബോധമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ ജീവിക്കുന്ന രാജ്യത്തെക്കുറിച്ചും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഒരക്ഷരം മിണ്ടാന്‍ പാടില്ലെന്ന് പറയുന്നത് ജനാധിപത്യവിരുദ്ധമല്ലേ?'-ഫര്‍സീന്‍ ചോദിക്കുന്നു. 

'നാം ജീവിക്കുന്ന അവസ്ഥകളെക്കുറിച്ചല്ലാതെ ഒരു കോളജ് മാഗസിന്‍ മറ്റെന്താണ് പറയുക?' 

114 പേജാണ് മാഗസിനുള്ളത്. ഇതിലെ ഉള്ളടക്കം ഒരു പാട് സമയമെടുത്ത് തയ്യാറാക്കിയതാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പഠനത്തിനൊപ്പം സമയം കണ്ടെത്തിയാണ് പരസ്യം പിടിക്കാനും ലേ ഔട്ട് ജോലികള്‍ക്കും ഉള്ളടക്കം തയ്യാറാക്കാനും പോയത്. അങ്ങനെ തയ്യാറാക്കിയ മാഗസിന്‍ ടൈപ്പ് സൈറ്റിംഗ് കഴിഞ്ഞ ശേഷം ആദ്യ കരട് അധികൃതര്‍ക്ക് സമര്‍പ്പിച്ചപ്പോഴാണ് എതിര്‍പ്പുയര്‍ന്നത്. 40 പേജുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് സ്റ്റാഫ് എഡിറ്റര്‍ സുധീര്‍ ആവശ്യപ്പെട്ടു. ഇത് അനുവദിക്കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ യൂനിയന്‍ അഡ്‌വൈസറായ അധ്യാപകനടക്കം ഇടപെട്ടു. അദ്ദേഹവും ഈ ആവശ്യം ഉന്നയിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പലിനെ സമീപിച്ചപ്പോള്‍ അദ്ദേഹവും ഇക്കാര്യം തന്നെ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിനെയും സംഘപരിവാരത്തെയും കുറിച്ചുള്ള പരാമര്‍ശങ്ങളും ബീഫ്, ദലിത് വിഷയങ്ങളും അനുവദിക്കാനാവില്ലെന്നായിരുന്നു കോളജിന്റെ നിലപാടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

തുടര്‍ന്ന്, ഇത്രയും കഷ്ടപ്പെട്ട് തയ്യാറാക്കിയ മാഗസിന്‍ എങ്ങനെയെങ്കിലും പുറത്തിറക്കുക എന്ന തീരുമാനത്തില്‍ വിദ്യാര്‍ത്ഥികള്‍ സമവായത്തിനു തയ്യാറായി. അധികൃതര്‍ പറഞ്ഞ പല മാറ്റങ്ങള്‍ക്കും അവര്‍ തയ്യാറായി. എന്നാല്‍, അതു കഴിഞ്ഞിട്ടും, 18 പേജുകള്‍ ഒരു കാരണവശാലും അനുവദിക്കില്ല എന്നായിരുന്നു അധികൃതരുടെ നിലപാട്. ആമുഖത്തിലെ ബീഫ് എന്നത് ഭക്ഷണം എന്നാക്കാനും ദലിത് എന്ന വാക്ക് സഹോദരന്‍ എന്നാക്കാനുമടക്കം നിരവധി വെട്ടിമാറ്റങ്ങള്‍ നിര്‍ദേശിക്കപ്പെട്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തുടര്‍ച്ചയായി ്രപസിദ്ധീകരിച്ച എം മുകുന്ദന്റെ നൃത്തം കുടകള്‍ എന്ന നോവലിലെ ഒരു ചില ഉദ്ധരണികള്‍ ഒരു പേജിലുണ്ടായിരുന്നു. 

'കരിങ്കുട്ടിച്ചാത്തന്റെ ഇടതുകാലിന്‍േമേല്‍ കയറ്റിവെച്ച വലതുകാലിലെ വിറയലിന് വേഗം കൂടി. 
'പശു പാവം തന്ന്യാ' കരിങ്കുട്ടിച്ചാത്തന്‍ പറഞ്ഞു. 
'ഓല് പാവം പശൂനെക്കൊണ്ട് ഓനെ കുത്തിക്കൊല്ലിച്ചതാ'. 
'ആര്?' 
'ഗാന്ധീനെ കൊന്ന ഓല് തന്നെ'. 
'ഗാന്ധീനെ ഓല് കൊന്നത് വെടിവെച്ചല്ലേ?'. 
'ഓല് തോക്ക് കൊണ്ടും പശൂനെ കൊണ്ടും കൊല്ലിക്കും'. 
'ചെലപ്പോ ഓല് തീയിട്ടു കൊല്ലും' 

ഈ നോവല്‍ ഭാഗമാണ് പ്രസിദ്ധീകരിച്ചത്. ഇത് പൂര്‍ണ്ണമായി ഒഴിവാക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചത്. വിടി ബല്‍റാം എം.എല്‍.എയുമായി നടത്തിയ നാലഞ്ചു പേജുള്ള അഭിമുഖവും പൂര്‍ണ്ണമായി നീക്കം ചെയ്യണമെന്ന് കോളജ് അധികൃതര്‍ നിര്‍ദേശിച്ചു. ഹിന്ദുത്വ, ബീഫ്, വര്‍ഗീയത, സംഘപരിവാര്‍ തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിക്കുന്നതായിരുന്നു ബല്‍റാമിന്റെ അഭിമുഖം. തന്റെ അഭിമുഖം പൂര്‍ണ്ണമായി നീക്കം ചെയ്യാനുള്ള തീരുമാനത്തിന് എതിരെ വിടി ബല്‍റാം എം.എല്‍.എ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. 

 

ഇതോടൊപ്പം, സമകാലികാവസ്ഥകള്‍ വിമര്‍ശന വിധേയമാക്കുന്ന 'കാലിക ഭാരതം' എന്ന ലേഖനവും പൂര്‍ണ്ണമായി മാറ്റണമെന്നാണ് അധികൃതര്‍ പറയുന്നത്.   സമാനമായ വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന മറ്റ് പ്രയോഗങ്ങളും വാക്കുകളും ഒഴിവാക്കണമെന്നും കോളജ് അധികൃതര്‍ പറയുന്നു. 'ഇങ്ങള് കണ്ടോളീ' എന്ന തലക്കെട്ടിലുള്ള സംവാദവും നീക്കം ചെയ്യണമെന്ന് പറഞ്ഞവയില്‍ പെടുന്നു. 'അധികാരികള്‍' എന്ന വാക്ക് പോലും സര്‍ക്കാര്‍ വിരുദ്ധമാണ് എന്നു പറഞ്ഞ് അധികൃതര്‍ ഒഴിവാക്കാന്‍ പറഞ്ഞതായി മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ പറയുന്നു. 

സംഭവത്തിന് എതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ വിലക്ക് നീക്കുന്നതിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ വ്യാപകമാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

രാഷ്ട്രീയ അതിപ്രസരമുള്ള ഭാഗങ്ങളാണ് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പ്രിന്‍സിപ്പല്‍

എന്നാല്‍, രാഷ്ട്രീയ അതിപ്രസരമുള്ള ഭാഗങ്ങളാണ് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പ്രിന്‍സിപ്പല്‍ ജ്യോതിരാജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. രാഷ്ട്രീയ പക്ഷപാതപരമായ ഉള്ളടക്കങ്ങള്‍ അനുവദിക്കാനാവില്ല. ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയമുള്ള ഉള്ളടക്കമാണ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. അതോടൊപ്പം കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങളും ഒഴിവാക്കണം. സ്റ്റാഫ് എഡിറ്ററാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. താന്‍ അതിനെ അംഗീകരിക്കുക മാത്രമായിരുന്നു. അശോക സ്തംഭത്തില്‍ പശുക്കളുടെ ചിത്രം വരച്ചു ചേര്‍ത്ത കാര്‍ട്ടൂണ്‍ അടക്കം മാഗസിനില്‍ ഉണ്ടായിരുന്നു. ഇത് ദേശീയ ചിഹ്‌നത്തെ അവഹേളിക്കുന്നതാണ്. ഇത്തരം ഉള്ളടക്കങ്ങളെയാണ് എതിര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. 

സ്റ്റാഫ് എഡിറ്റര്‍ സുധീറുമായി ബന്ധപ്പെടാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പല തവണ ശ്രമിച്ചുവെങ്കിലും അദ്ദേഹം ഫോണില്‍ ലഭ്യമല്ലാതിരുന്നതിനാല്‍ പ്രതികരണം കിട്ടിയില്ല.