കൊച്ചി: ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്|വി. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതാണ് മോചനത്തിന് തടസ്സമാകുന്നതെന്നും നഖ്|വി പറഞ്ഞു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയുമായി നഖ്|വി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി.

എല്ലാ ഇന്ത്യക്കാരും ഒരുപോലെയാണെന്നും യെമനില്‍ ഭീകരരുടെ പിടിയിലായ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നതെന്നും കേന്ദ്രന്യൂനപക്ഷ ക്ഷേമമന്ത്രി  മുഖ്താര്‍ അബ്ബാസ് നഖ്|വി പറഞ്ഞു. ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതാണ് നയതന്ത്ര ഇടപെടലിന് തടസ്സം. വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഫാദര്‍ ഉഴുന്നാലിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയെന്നും നഖ്|വി പറഞ്ഞു.

കൊച്ചി കാക്കനാട്ടെ സീറോ മലബാര്‍ സഭ ആസ്ഥാനത്ത് എത്തിയ നഖ്|വി മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. ഫാദര്‍ ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് ആലഞ്ചേരി പറഞ്ഞു.

ഫാദര്‍ ഉഴുന്നാലിന്റെ മോചനത്തിനായി വത്തിക്കാന്‍ ഇടപെടുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ആലഞ്ചേരി വ്യക്തമാക്കി.