ദില്ലി: നോട്ട് അസാധുവാക്കല്‍ തീരുമാനം അമ്പത് ദിവസം പിന്നിട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച്ച രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്ന് സൂചന. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു.
കള്ളപ്പണത്തേയും അഴിമതിയേയും തുരത്താനെന്ന പേരിലാണ് മോഡി സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചത്. തീരുമാനം നടപ്പിലാക്കി അമ്പത് ദിവസം പിന്നിടുകയാണ്. അമ്പത് ദിവസത്തിന് ശേഷം പ്രതിസന്ധി തീര്‍ന്നില്ലെങ്കില്‍ തന്നെ ശിക്ഷിക്കാം എന്ന് ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
അടിയന്തര ആവശ്യങ്ങള്‍ക്ക് പോലും പണമില്ലാതെ ജനം വലയുകയാണ്. നിലവില്‍ പ്രതിവാരം ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപയാണ്. എടിഎമ്മുകളില്‍ നിന്നും പ്രതിദിനം 2,500 രൂപയും പിന്‍വലിക്കാം.
