മദ്യത്തിനും മയക്കുമരുന്നിനും പഞ്ചാബിലെ യുവാക്കള്‍ അടിമകളാണെന്ന ആരോപണത്തോടെ സംസ്ഥാനസര്‍ക്കാരിനെയും ശിരോമണി അകാലിദള്‍ ബിജെപി സഖ്യത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് രാഹുല്‍ഗാന്ധി പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലികള്‍ തുടങ്ങിയത്.

70 ശതമാനം യുവാക്കളും മയക്കുമരുന്നിനടിമകളാണെന്ന് താന്‍ പറഞ്ഞപ്പോള്‍ എല്ലാവരും പുച്ഛിച്ചു. മയക്കുമരുന്ന മാഫിയ തലവന്‍ ബിക്രം മജീദിയയുടെ നാട്ടില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടിക്കുള്ള നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നും രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചു.

ഇതേ ആരോപണം എഎപി നേതാവ് അരവിന്ദ് കെജ്‌റിവാളും ഉന്നയിച്ചിരുന്നു. ഈ നേതാക്കളുടെ ആരോപണങ്ങള്‍ക്ക് ജലന്ധറിലെ റാലിയിലാണ് പ്രധാനമന്ത്രി മറുപടി നല്‍കിയത്. തരംതാണ രാഷ്ട്രീയത്തിലൂടെ പഞ്ചാബികളെ അപമാനിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച നരേന്ദ്രമോദി ആം ആദ്മി പാര്‍ട്ടിയുടെ പേര് പരാമര്‍ശിക്കുക പോലും ചെയ്യാത്തത് ശ്രദ്ധേയമായി. ഉത്തര്‍പ്രദേശില്‍ എസ്പിക്കൊപ്പവും ബംഗാളില്‍ ഇടതിനൊപ്പവും പോകുന്ന കോണ്‍ഗ്രസ് അവസരവാദ രാഷ്ട്രീയമാണ് പയറ്റുന്നതെന്നും ആരോപിച്ചു. ഒരിക്കല്‍കൂടി പ്രകാശ് സിംഗ് ബാദലിനെ മുഖ്യമന്ത്രിയാക്കണമെന്ന് പ്രഖ്യാപിച്ച സംസ്ഥാനത്ത് ശിരോണിഅകാലിദള്‍ ബിജെപി തര്‍ക്കമില്ലെന്ന് വ്യക്തമാക്കാനും നരേന്ദ്രമോദി ശ്രമിച്ചു.