നാസിക്: നോട്ട് പിന്‍വലിക്കല്‍ മൂലം നട്ടംതിരിയുന്ന സാധാരണക്കാര്‍ക്ക് ചെറിയ ആശ്വാസമായി പുതിയ അഞ്ഞൂറിന്റെ നോട്ട് അച്ചടി പൂര്‍ത്തിയായി. പുതിയ അഞ്ഞൂറിന്റെ അഞ്ചു കോടി നോട്ടുകള്‍ നാസികിലെ പ്രസില്‍നിന്ന് റിസര്‍വ്വ് ബാങ്കില്‍ എത്തിച്ചുതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത ബുധനാഴ്‌ചയോടെ അടുത്ത അഞ്ചു കോടി നോട്ടുകള്‍ കൂടി റിസര്‍വ്വ് ബാങ്കില്‍ എത്തിക്കുമെന്ന് നാസികിലെ പ്രസ് അധികൃതര്‍ വ്യക്തമാക്കി. ഇതുകൂടാതെ 20, 50, 100 രൂപയുടെ നോട്ടുകളുടെ അച്ചടി വര്‍ദ്ധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. മദ്ധ്യപ്രദേശിലെ നാസിക്, ദേവസ് എന്നിവിടങ്ങളിലെ പ്രസുകളില്‍ കൂടാതെ റിസര്‍വ്വ് ബാങ്കിന്റെ നോട്ട് അച്ചടികേന്ദ്രമായ കര്‍ണാടകയിലെ മൈസൂരിലും ബംഗാളിലെ സാല്‍ബോണിയിലും അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ അച്ചടിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ നോട്ടുകള്‍ വരുന്നതോടെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി കുറയുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് അപ്രതീക്ഷിതമായി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതിന് പകരമായി രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും പുതിയ നോട്ടുകള്‍ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. രണ്ടായിരത്തിന്റെ നോട്ടുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കി തുടങ്ങിയെങ്കിലും അഞ്ഞൂറിന്റെ നോട്ടുകള്‍ ലഭിക്കാതിരുന്നത് ജനങ്ങളെ സാരമായി ബാധിച്ചു. നൂറിന്റെ നോട്ട് കഴിഞ്ഞാല്‍ രണ്ടായിരത്തിന്റെ നോട്ടാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഇത് ജനങ്ങളുടെ ദൈനംദിനാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വലിയ പ്രതിസന്ധിയുണ്ടാക്കി. ഇതിനിടയില്‍ നൂറു രൂപ നോട്ടിന്റെ ദൗര്‍ലഭ്യവും പ്രതിസന്ധിയുടെ ആക്കം വര്‍ദ്ധിപ്പിച്ചു.

Nashik press sends first lot of 5 million new Rs 500 notes to RBI