കേരളത്തിന്റെ ദുരന്തം പാർലമെന്റിൽ നേരിട്ട് ഉന്നയിക്കുമെന്ന് രാഹുൽ പറഞ്ഞു. പരമാവധി പേരെ നേരിൽ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് രാഹുലിന്റെ സന്ദർശനം

കൊച്ചി: കേരളത്തിന്റെ അതിജീവനം രാജ്യം മാതൃകയാക്കണമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിത മേഖലകൾ സന്ദർശിക്കാന്‍ കേരളത്തിലെത്തിയപ്പോഴാണ് രാഹുലിന്‍റെ പരാമര്‍ശങ്ങള്‍.

പ്രളയബാധിതമേഖലകളിലെ ദുരിതബാധിതരെ വിവിധ ക്യാമ്പുകളില്‍ എത്തി രാഹുൽ ഗാന്ധി സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ തിരുവനന്തപുരത്തെത്തിയ രാഹുൽഗാന്ധി ആദ്യം പോയത് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ചെങ്ങന്നൂരിലേക്കാണ്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ക്യാമ്പിലെ രോഗിയായ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയ എയർ ആംബുലൻസിനായി രാഹുൽ സ്വന്തം യാത്ര വൈകിപ്പിച്ചു.

പ്രളയം തകർത്തെറിഞ്ഞ പത്തനംതിട്ട എഴിക്കാട് കോളനിവാസിളെയും രാഹുൽ കണ്ടു. പിന്നീട് ഹെലികോപ്റ്റർ മാർഗം ആലപ്പുഴയിലെത്തിയ അദ്ദേഹം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിൽ പങ്കാളികളായ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. വൈകിട്ട് 5.15നാണ് ചാലക്കുടിയിലെ വി ആര്‍ പുരം ദുരിതാശ്വാസ ക്യാമ്പിലെത്തിയത്.

കേരളത്തിന്റെ ദുരിതം നേരിടാൻ രാജ്യം മുഴുവൻ കൂടെയുണ്ടെന്ന ഉറപ്പ് രാഹുൽ നൽകി. എറണാകുളം ജില്ലയിൽ പറവൂർ മാഞ്ഞാലിയിലെ ക്യാമ്പിലും പ്രളയത്തിൽ എല്ലാം നഷ്ടമായ തേലത്തുരുത്ത് സജീവന്റെ വീട്ടിലും രാഹുൽഗാന്ധി എത്തി. കേരളത്തിന്റെ ദുരന്തം പാർലമെന്റിൽ നേരിട്ട് ഉന്നയിക്കുമെന്ന് രാഹുൽ പറഞ്ഞു.

പരമാവധി പേരെ നേരിൽ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് രാഹുലിന്റെ സന്ദർശനം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ എം.പി, ആന്റോ ആന്റണി എം.പി തുടങ്ങിയവരും രാഹുലിനൊപ്പമുണ്ട്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകൾ സന്ദർശിച്ച ശേഷം ഉച്ചയോടെ ദില്ലിക്ക് മടങ്ങും.