നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം ഒഴിയാന്‍ ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. 

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം ഒഴിയാന്‍ ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കെട്ടിടം രണ്ടാഴ്ചയ്ക്കകം ഒഴിയണമെന്ന് കോടതി പറഞ്ഞു. കെട്ടിടം ഒഴിയാന്‍ കേന്ദ്ര നഗരവികസന മന്ത്രാലയം നോട്ടീസ് നല്‍കിയിരുന്നു. 

ഇതിനെതിരായ അസോസിയേറ്റ് ജേണൽസി ന്‍റെ ഹര്‍ജി കോടതി തളളുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും മാതാവ് സോണിയാ ഗാന്ധിയ്ക്കും എതിരായ നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് നികുതി റിട്ടേണ്‍ പുന:പരിശോധിക്കാന്‍ ആദായനികുതി വകുപ്പിന് സുപ്രീം കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.

പത്രം ഏറ്റടുത്ത 2011-12 സാമ്പത്തികവര്‍ഷത്തെ വരുമാനം സംബന്ധിച്ച് സോണിയയും രാഹുലും കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെന്നാരോപിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കേസ് ഫയല്‍ ചെയ്തത്. കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തെ അതിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡില്‍നിന്ന് ഇരുവരുടെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നില്‍ വന്‍ സാമ്പത്തികക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇതേത്തുടര്‍ന്നാണ് ആ സമയത്തെ നികുതിയിടപാടുകള്‍ അന്വേഷിക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചത്.