യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയ ആക്രമിക്കപ്പെട്ട സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

ദില്ലി: യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയ ആക്രമിക്കപ്പെട്ട സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കേസന്വേഷണത്തെക്കുറിച്ച് രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ഡിജിപിക്ക് നിർദ്ദേശം നൽകി. ഓഗസ്റ്റ് 30ന് വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് തൊടുപുഴയിൽ ഷാജൻ സ്കറിയക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. സംഭവത്തിൽ സിപിഎം പ്രവർത്തകനായ മാത്യു കൊല്ലപ്പിള്ളി ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണിപ്പൂരിലും ത്രിപുരയിലും മാധ്യമപ്രവർത്തകർ ആക്രമണത്തിനിരയായ സംഭവങ്ങളിലും കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഷാജൻ സ്കറിയയെ തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ച് അഞ്ചംഗ സംഘം ആക്രമിച്ചത്. ഷാജൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ ഥാർ ഇടിച്ച ശേഷമായിരുന്നു അതിക്രമം. കണ്ടാലറിയാവുന്ന ആളുകളെന്നും സിപിഎം പ്രവർത്തകരെന്നും ഷാജൻ സ്കറിയ മൊഴി നൽകിയിരുന്നു. സംഭവം നടന്നതിന് പിന്നാലെ, ഇടത് സൈബർ ഗ്രൂപ്പുകളിൽ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. 

കേസിൽ നാലുപേരെ തൊടുപുഴ പൊലീസ് ബംഗലൂരിവിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണത്തിന് നേതൃത്വം നൽകിയ സിപിഎം പ്രവർത്തകനായ മാത്യൂസ് കൊല്ലപ്പളളി ഉൾപ്പെടെയുളളവരെയാണ് പിടികൂടിയത്. തനിക്കെതിരെ നടന്നത് സിപിഎമ്മിൻ്റെ അറിവോടുകൂടിയുളള ആസൂത്രിത വധശ്രമമെന്നായിരുന്നു ഷാജൻ സ്കറിയയുടെ പ്രതികരണം.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്