ചെന്നൈ: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ തമിഴ്നാട്ടിൽ ഇന്ന് മെഡിക്കൽ ബന്ദുണ്ടാകില്ല. പകരം രാവിലെ ഒന്‍പത് മുതല്‍ പത്ത് വരെ ഒപികളുടെ പ്രവർത്തനം ബഹിഷ്കരിച്ച് ആശുപത്രികൾക്ക് മുന്നിൽ പ്രതിഷേധിയ്ക്കുമെന്ന് സർക്കാർ ഡോക്ടർമാർ അറിയിച്ചു. പ്രതിഷേധ സൂചകമായി ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ട് മണി വരെ ധർണ നടത്തും.

ചെന്നൈയിലെ 19 സർക്കാർ ആശുപത്രികളിലും തമിഴ്നാട്ടിലെ മറ്റ് ജില്ലകളിലും സമാനമായ പ്രതിഷേധം മാത്രമേ നടക്കുകയൊള്ളൂ. എന്നാല്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ പണിമുടക്കിൽ പങ്കെടുക്കില്ല. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഐഎംഎയുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്.

ഇതിന്‍റെ ഭാഗമായി  കേരളത്തിലും ഇന്ന് മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും  ഒപികള്‍ പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗം, കിടത്തി ചികിത്സാ വിഭാഗം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.