Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ദേശീയതയുടെ പേരിലെന്ന് ബിബിസിയുടെ പഠനം


ദേശീയതയ്ക്ക് ഊന്നല്‍ നല്‍കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന ട്വിറ്റര്‍ നെറ്റ്‍വര്‍ക്കുകളാണ് ഇത്തരം വ്യാജവാര്‍ത്തകളുടെ പ്രധാന ഉറവിടമെന്നും പഠനം പറയുന്നു. 

nationalism a driving force behind fake news says bbc report
Author
Delhi, First Published Nov 13, 2018, 4:14 PM IST

ഇന്ത്യയിലെ വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ദേശീയതയെന്ന് ബിബിസിയുടെ പഠനം. അമിതമായ ദേശീയ ബോധം സാധാരണക്കാരെ വ്യാജ വാര്‍ത്തകള്‍ പങ്കുവയ്ക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ദേശീയതയെ സംരക്ഷിക്കാനുള്ള വൈകാരിക ശ്രമങ്ങളില്‍ വാര്‍ത്ത വാസ്തവാണോ എന്ന് പരിശോധിക്കുന്നില്ല. 

ദേശീയതയ്ക്ക് ഊന്നല്‍ നല്‍കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന ട്വിറ്റര്‍ നെറ്റ്‍വര്‍ക്കുകളാണ് ഇത്തരം വ്യാജവാര്‍ത്തകളുടെ പ്രധാന ഉറവിടമെന്നും പഠനം പറയുന്നു. 

സാധാരണ ജനങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ എത്രമാത്രം പങ്കാളികളാകുന്നുവെന്ന് ഇന്ത്യയിലും കെനിയയിലും നൈജീരിയയിലെയും നടത്തിയ പഠനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ ആഗോള തലത്തില്‍ ആളുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്തുന്ന ബിയോണ്ട് ഫേക്ക് ന്യൂസ് എന്ന ഗവേഷണത്തിന്‍റെ ഭാഗമായാണ്  പഠനം. 

യഥാര്‍ത്ഥ വാര്‍ത്തയെന്ന് തെറ്റിദ്ധരിച്ച്, വാസ്തവമാണോ എന്ന് പരിശോധിക്കാതെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്‍റുകള്‍, ചിത്രങ്ങള്‍, വിശ്വാസമുള്ള സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും ലഭിക്കുന്ന സന്ദേശങ്ങള്‍ എന്നിവ പരിശോധിക്കാതെയാണ് ആളുകള്‍ പങ്കുവയ്ക്കുന്നത്. 

തെറ്റായ അപവാദങ്ങള്‍ വാട്സ്ആപ്പിലൂടെ പങ്കുവയ്ക്കുന്നത് ഇന്ത്യയില്‍ വലിയ അക്രമങ്ങളാണ് അഴിച്ചുവിടുന്നത്. പ്രിയപ്പെട്ടവര്‍ സുരക്ഷിതരായി ഇരിക്കണമെന്ന ആഗ്രഹത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെ കുറിച്ചെല്ലാം പങ്കുവയ്ക്കുന്ന തെറ്റായ വാര്‍ത്തകള്‍ വലിയ അപകടങ്ങളാണ് സൃഷ്ടിക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച തെറ്റായ വാര്‍ത്തകളുടെ പേരില്‍ കൊല്ലപ്പെട്ടത് 32 പേരാണെന്നും ബിബിസി പറയുന്നു. കെനിയയില്‍ ഇത്തരത്തില്‍ പങ്കുവയ്ക്കുന്നത് അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണെന്നും പഠനം പറയുന്നു. 

സര്‍വേയില്‍ പങ്കെടുത്തവര്‍ തങ്ങളുടെ ഫോണ്‍ പരിശോധിക്കാന്‍ ഒരാഴ്ചത്തേക്ക് ബിബിസിക്ക് അനുമതി നല്‍കിയിരുന്നു. ഇത്തരത്തിലാണ് ഇവര്‍ക്ക് കൈമാറുന്ന വ്യാജ വാര്‍ത്തകളും ഇവര്‍ പങ്കുവയ്ക്കുന്ന സന്ദേശങ്ങളും കണ്ടെത്തി പഠനം നടത്താനായത്. 16000 ട്വിറ്റര്‍ അക്കൌണ്ടുകളിലും 3200 ഫേസ്ബുക്ക് പേജുകളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 


 

Follow Us:
Download App:
  • android
  • ios