Asianet News MalayalamAsianet News Malayalam

നവകേരളനിര്‍മ്മാണത്തിലേക്ക് സര്‍ക്കാര്‍: പ്രത്യേകസമിതികള്‍ രൂപീകരിച്ചു


ഉപദേശകസമിതിയുടെ ആദ്യയോഗം ഈ മാസം 22-ന് ചേരും എന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭയ്ക്കും ഉപദേശകസമിതിയ്ക്കും സമാന്തരമായാവും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി പ്രവര്‍ത്തിക്കുക. 

NAVAKERALAM NEW COMMITTIES FORMED
Author
Thiruvananthapuram, First Published Oct 16, 2018, 11:46 AM IST

തിരുവനന്തപുരം: പ്രളയാനന്തരകേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് രണ്ട് ഉന്നതാധികാരസമിതികള്‍ മേല്‍നോട്ടം വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റേയും ചീഫ് സെക്രട്ടറിയുടേയും അധ്യക്ഷതയില്‍ രണ്ട് സമിതികള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്. നവകേരളനിര്‍മ്മാണത്തിന് പൊതുവില്‍ മന്ത്രിസഭ മേല്‍നോട്ടം വഹിക്കും അതിനോടൊപ്പം ഈ രണ്ട് സമിതികളും ഉണ്ടാവും. പദ്ധതിയുടെ മുഖ്യകണ്‍സല്‍ട്ടന്‍സി കെപിഎംജിക്കായിരിക്കും. 

മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഉപദേശകസമിതിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍,  ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ്, തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പൽ സെക്രട്ടറിയായിരുന്ന ടികെഎ നായര്‍, വ്യവസായി എംഎ യൂസഫലി, സുരക്ഷാവിദഗ്ദ്ധന്‍ മുരളി തുമ്മാരുകുടി എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.  

ഉപദേശകസമിതിയുടെ ആദ്യയോഗം ഈ മാസം 22-ന് ചേരും എന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭയ്ക്കും ഉപദേശകസമിതിയ്ക്കും സമാന്തരമായാവും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി പ്രവര്‍ത്തിക്കുക. കേരള പുനര്‍നിര്‍മ്മാണത്തിനായി യുവാക്കളുടെ അടക്കം നൂതനനിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കേരള നിര്‍മ്മിതിക്കായി ആശയങ്ങള്‍ തേടി സെമിനാറുകള്‍ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. വന്‍തോതിലുള്ള സഹായം കേരളത്തിന് കിട്ടിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ വളരെ വലുതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ബാക്കി മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രത്തിന്‍റെ അനുമതി കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും യാത്രയുടെ ഉദ്ദേശ്യവും ലക്ഷ്യങ്ങളും പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.

കാലവ‍ർഷക്കെടുതിയുടെ ഭാഗമായി സംഭവിച്ച നഷ്ടങ്ങൾ നികത്തുകയും പുനർനിർമാണം നടത്തുകയും ചെയ്യുന്നതിനൊപ്പം നാടിന്‍റെ വികസനത്തിനുതകുന്ന മറ്റ് പദ്ധതികളും  നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉൾപ്പടെയുള്ള അടിസ്ഥാനപദ്ധതികളും വേഗതയിൽ നടപ്പാക്കണം. കാര്യക്ഷമമായി, മെച്ചപ്പെട്ട ഗുണനിലവാരത്തോടെ, ദീർഘകാലം നിലനിൽക്കുന്ന തരത്തിൽ, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വേണം ഇത്തരം പദ്ധതികൾ രൂപീകരിക്കാനും നടപ്പാക്കാനും. ഇനിയൊരു ദുരന്തം ആവർത്തിച്ചാൽ അതിനെ നേരിടാനുള്ള ശേഷി വേണം. നീതിപൂർവമായ പുനരധിവാസവും ഇതിനൊപ്പം ഉറപ്പാക്കണം.

നവകേരളനിർമാണത്തിന് നിരവധി നിർദേശങ്ങൾ സർക്കാരിന് കിട്ടിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പല പദ്ധതികളും രൂപീകരിച്ചിട്ടുള്ളത്. പല മേഖലകളിലെയും വിദഗ്ധരുടെ അഭിപ്രായം സമന്വയിപ്പിക്കാൻ സർക്കാർ ശ്രമിക്കും. പുതിയ വികസന ആശയങ്ങൾ ലഭിയ്ക്കാൻ സെമിനാറുകളും ഹാക്കത്തോണുകളും നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

 

Follow Us:
Download App:
  • android
  • ios