ഗള്‍ഫ് പ്രതിസന്ധിയില്‍ മധ്യസ്ഥ ശ്രമത്തിനിറങ്ങിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് തിരിച്ചടി. രണ്ടു ദിവസം സൗദിയില്‍ തങ്ങിയ പാക് പ്രധാനമന്ത്രി പ്രശ്നത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കാന്‍ കഴിയാതെ മടങ്ങി.

ഗള്‍ഫ് പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പെടെയുള്ള രാജ്യങ്ങള്‍ ഖത്തറിനെ കൈവിടാന്‍ ഒരുക്കമല്ലെന്ന സൂചന നല്‍കി കൃത്യമായ നിലപാടെടുത്തപ്പോള്‍ എങ്ങും തൊടാതെ മുതലെടുപ്പ് നടത്താനിറങ്ങിയ പാക് പ്രധാനമന്ത്രിക്ക് സൗദിയില്‍ നിന്ന് നാണം കേട്ട് മടങ്ങേണ്ടി വന്നതായാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിദേശകാര്യ ഉപദേഷ്‌ടാവ് സര്‍ജാത് അസീസും സൈനിക മേധാസന്ധിയിവി ഖമര്‍ ജാവേജ് ബജ്‌വയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇരുവിഭാഗത്തിന്റെയും ക്ഷണമില്ലാതെ അനുരഞ്ജന ചര്‍ച്ചകള്‍ക്കെത്തിയ നവാസ് ഷരീഫിനോട് വിഷയത്തില്‍ നിങ്ങള്‍ ഏതുപക്ഷത്താണെന്ന് വ്യക്തമാക്കാന്‍ സൗദി രാജാവ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ട്രംപിന്റെ സൗദി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് റിയാദില്‍ നടന്ന അറബ് - ഇസ്ലാമിക ഉച്ചകോടിയില്‍ ഭീകരതെക്കെതിരെ സംസാരിക്കുന്നതില്‍ നിന്ന് നവാസ് ഷെരീഫിനെ വിലക്കിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ ഇപ്പോഴത്തെ സന്ദര്‍ശനത്തിനിടെ ട്രംപിന്റെ നടപടി സൗദി ആവര്‍ത്തിച്ചതും പാക് പ്രധാനമന്ത്രിക്ക് തിരിച്ചടിയായി. അതേസമയം മേഖലയിലെ സ്വാധീനം ഉപയോഗിച്ചു പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചതെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം.മുസ്‌ലിം ലോകത്തെ ആണവ ശക്തികളിലൊന്നായ പാക്കിസ്ഥാനെ തങ്ങള്‍ക്കനുകൂലമായി മാറ്റിയെടുക്കാനുള്ള സൗദിയുടെ സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമാണ് നവാസ് ശരീഫിനോടുള്ള പ്രതികരണമെന്നും ചിലര്‍ വിലയിരുത്തുന്നു. നവാസ് ശരീഫ് വരും ദിവസങ്ങളില്‍ യുഎഇ, ബഹ്‌റൈന്‍,ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.