കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് പൊതുഫണ്ടു ചെലവഴിച്ച് റോഡ് നിര്‍മ്മിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് എന്‍.സി.പി യുവജന സംഘടന. കോഴിക്കോട് ചേര്‍ന്ന ജില്ലാ ക്യാംപില്‍ ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചു. ഉഴവൂര്‍ വിജയനെ മരണത്തിന് മുന്‍പ് ഭീഷണിപെടുത്തിയ നേതാവിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും നാഷ്ണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് പ്രമേയത്തില്‍ ആവശ്യപ്പെടും.

ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ എന്‍.സി.പി യിലെ ഭൂരിഭാഗം ജില്ലാകമ്മിറ്റികളും രംഗത്തെത്തിയതിന് പിന്നാലെയാണ് യുവജന സംഘടനയും പരസ്യ പ്രതികരണം ഉയര്‍ത്തുന്നത്. മന്ത്രി പൊതുഫണ്ട് ചിലവഴിച്ച് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന നാഷ്ണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കേഡര്‍ ക്യാംപ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.മന്ത്രി പാര്‍ട്ടിക്ക് അതീതമായി പ്രവര്‍ത്തിക്കുകയാണ്. ഇത് നിയന്ത്രിക്കാന്‍ സംസ്ഥാന എന്‍.സി.പി നേതൃത്വം തയ്യാറാകണം. 

ഇതോടൊപ്പം സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയനെ മരിക്കുന്നതിന് മുന്‍പ് ഭീഷണിപെടുത്തിയ സംസ്ഥാന നേതാവ് സുള്‍ഫിക്കര്‍ മയ്യൂരിയെ ആഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നും പ്രമേയത്തില്‍ ആവശ്യമുണ്ട്. തോമസ് ചാണ്ടിക്കെതിരെ 10 ജില്ലാ കമ്മിറ്റി പ്രസിഡന്റുമാര്‍ നേരത്തെ കോഴിക്കോട് രഹസ്യ യോഗം ചേര്‍ന്നിരുന്നു. മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിലും യുവജന സംഘടനയിലും അമര്‍ഷം പുകയുകയാണ്. പൊതുഫണ്ടുപയോഗിച്ച് മന്ത്രി റിസോര്‍ട്ടിലേക്ക് റോഡുണ്ടാക്കിയ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്.