കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കാനയിലേക്ക് വിമാനം ചെരിഞ്ഞ സംഭവത്തില്‍ ഡിജിസിഎ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ പ്രാഥമികാന്വേഷണം പൂര്‍ത്തിയായി.അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലിന് ഉടന്‍ സമര്‍പ്പിക്കും.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് 102 യാത്രക്കാരുമായെത്തിയ എയര്‍ ഇന്ത്യ എക്പ്രസ് വിമാനം ടാക്‌സിവേയില്‍ നിന്ന് പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്ക് പോകുന്നതിനിടെ തെന്നി മാറി കാനയിലേക്ക് ചരിഞ്ഞത്. സംഭവത്തില്‍ സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അന്ന് തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഡിജിസിഎയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ് ആണ് പ്രാഥമികാന്വേഷണം നടത്തിയത്.
പൈലറ്റിന്റെയും സഹപൈലറ്റിന്റെയും മറ്റ് ജീവനക്കാരുടെയും മൊഴിയെടുത്തു. വിമാനത്താവള അധികൃതര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍, ഗ്രൗണ്ട് സ്റ്റാഫ് തുടങ്ങിയവരില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിച്ചു. വിമാനം അപകടത്തില്‍ പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും സംഘം ശേഖരിച്ചു. മഴയായിരുന്നതിനാല്‍ ദൂരക്കാഴ്ച കുറവായിരുന്നുവെന്നാണ് എയര്‍ ഇന്ത്യ എക്പ്രസിന്റെ വിശദീകരണം. പൈലറ്റിന് പറ്റിയ പിഴവാകാം അപകടത്തിലേക്ക് നയിച്ചത് എന്ന നിഗമനമാണ് വിമാനത്താവള അധികൃതരുടേത്.
ഇതിനെ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് അന്വേഷണ സംഘവും തയ്യാറാക്കിയിരിക്കുന്നത് എന്നാണ് സൂചന. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഡയറക്ടര്‍ ജനറലിന് സമര്‍പ്പിക്കും. വിശദമായ അന്വേഷണത്തിന് ശേഷം അന്തിമ റിപ്പോര്‍ട്ടും നല്‍കും. ചൊവ്വാഴ്ച പുലര്‍ച്ചെ അപകടത്തില്‍ പെട്ട വിമാനം ബുധനാഴ്ച പുലര്‍ച്ചെയോടെ അപകടസ്ഥലത്ത് നിന്ന് അറ്റകുറ്റപണികള്‍ക്കായി ഹാംഗറിലേക്ക് മാറ്റിയിട്ടുണ്ട്
