മൂന്നാര്‍: കുറിഞ്ഞി ഉദ്യാനത്തിന്‍റെ അന്തിമ വിജ്ഞാപനം വരാനിരിക്കെ ഉദ്യാനത്തിനുള്ളിലെ നൂറുകണക്കിന് കുറിഞ്ഞി ചെടികള്‍ കത്തിച്ചു. കൊട്ടാക്കമ്പൂര്‍ ഗ്രാമത്തില്‍ നിന്നും അഞ്ച് കിലോ മീറ്റര്‍ അകലെ ജണ്ടപ്പാറയ്ക്ക് സമീപമാണ് ചെടികള്‍ വ്യാപകമായി കത്തിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ജോയ്‌സ് ജോർജ് ഉൾപ്പെടെ ഉള്ളവരുടെ ഭൂമി ഉള്ള ബ്ലോക്ക് നമ്പര്‍ 58 വരുന്ന ഭാഗമാണിത് മൂന്നാറില്‍ നിന്നും നാല്‍പ്പത് കിലോമീറ്റര്‍ അകലെയാണ് വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ ഗ്രാമം. 

കുറിഞ്ഞിച്ചെടികള്‍ നശിപ്പിച്ചതായി കണ്ടെത്തിയ ജണ്ടപ്പാറയ്ക്ക് സമീപം കോടമഞ്ഞേറ്റ് നീലക്കുറിഞ്ഞി തഴച്ച് വളര്‍ന്നിരുന്നു. കത്തിക്കരിഞ്ഞ നിരവധി ചെടികളുടെ കുറ്റികള്‍ ഇവിടെയുണ്ട്. ചില ചെടികള്‍ മഴയേറ്റ് കിളിര്‍ത്ത് വരുന്നുമുണ്ട്. പ്രദേശത്ത് ഗ്രാന്റീസ് മരങ്ങളും കത്തി നശിച്ചിട്ടുണ്ട്. കുറിഞ്ഞിച്ചെടികള്‍ നശിപ്പിക്കാന്‍ ഗ്രാന്‍റീസ് മരങ്ങള്‍ക്ക് തീയിട്ടതാകാമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. 

ഷോല നാഷണല്‍ പാര്‍ക്ക് മുതല്‍ ജണ്ടപ്പാറ വരെയുള്ള ഭാഗത്ത് ധാരളം ഗ്രാന്‍റീസ് മരങ്ങളുണ്ട്. സര്‍ക്കാര്‍ ഭൂമി കൈയേറി ഭൂമാഫിയ സംഘമാണ് ഗ്രാന്‍റീസ് നട്ടിരിക്കുന്നത്. ഗ്രാന്‍റീസ് വളര്‍ന്നതോടെ ഇവിടെയുണ്ടായിരുന്ന കുറിഞ്ഞികളുടെ സര്‍വ്വനാശം തുടങ്ങി. ഇതിനിടെയാണ് നീലക്കുറിഞ്ഞികള്‍ കത്തിച്ചത്. വനംവകുപ്പ് അധികൃതര്‍ ഈ പ്രദേശത്തേയ്ക്ക് വരാറേയില്ല. കാട്ടുതീ മൂലമാണ് കുറിഞ്ഞി നശിച്ചതെന്നാണ് വനം വകുപ്പ് റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്. 

കൊട്ടാക്കമ്പൂര്‍ ഗ്രാമത്തില്‍ നിന്നും കാല്‍നടയായി രണ്ട് മണിക്കൂറോളം സഞ്ചരിച്ചാലേ ജണ്ടപ്പാറയിലെത്താന്‍കഴിയൂ. കുറിഞ്ഞികള്‍ നശിപ്പിച്ചാല്‍ ഈ പ്രദേശത്തെ ഭൂമി കൈവശം വയ്ക്കാമെന്ന തന്ത്രമാണ് കുറിഞ്ഞിച്ചെടി നശിപ്പിച്ചതിലൂടെ കൈയേറ്റക്കാര്‍ നടത്തിയിരിക്കുന്നതെന്ന് വേണം കരുതാന്‍.