ഗുവാഹത്തി: മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് അസാം സര്‍ക്കാര്‍. മാതാപിതാക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും ഒരു ഭാഗം വെട്ടിക്കുറയ്ക്കുമെന്നാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം.
ശമ്പളത്തില്‍ നിന്നും പത്ത് ശതമാനമാണ് വെട്ടിക്കുറയ്ക്കുന്നത്. വെട്ടിക്കുറയ്ക്കുന്ന പണം മാതാപിതാക്കള്‍ക്കോ ഇവരുടെ ആശ്രിതര്‍ക്കോ സര്‍ക്കാര്‍ നേരിട്ട് നല്‍കും. വൈകല്യമുള്ള സഹോദരി-സഹോദരന്മാരെ സംരക്ഷിക്കാത്തവര്‍ക്കെതിരെയും സമാനമായ രീതിയില്‍ നടപടിയുണ്ടാകും.
അസാം ധനമന്ത്രി ഹിമാന്ത ബിശ്വശര്‍മ്മയാണ് ഇത് സംബന്ധിച്ച് ബില്‍ അവതരിപ്പിച്ചത്. ഇതിനെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പിന്തുണച്ചു. പ്രായമാകുന്ന മാതാപിതാക്കളെ സംരക്ഷിക്കാത്ത ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബില്ല് പാസാക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഇത്തരത്തിലൊരു നിയമം പാസാക്കുന്നത്.
മക്കള്‍ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെങ്കില്‍ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാം. പരാതിക്ക് ശേഷം രണ്ടുപേരുടെയും വാദങ്ങള്‍ കേട്ട ശേഷമായിരിക്കും നടപടിയെടുക്കുക. ഉദ്യോഗസ്ഥരുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുന്നതല്ലെന്നും മാതാപിതാക്കള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാന്‍ വേണ്ടിയാണിതെന്നും ധനമന്ത്രി പറഞ്ഞു.
