ജിദ്ദയിലെ പുതിയ വിമാനത്താവളത്തിന്‍റെ പണി അന്തിമ ഘട്ടത്തിലാണ്. 2017 അവസാനിക്കുന്നതിന് മുമ്പ് ഭാഗികമായി വിമാനത്താവളം പ്രവര്‍ത്തിച്ചു തുടങ്ങും.

ജിദ്ദയിലെ പുതിയ വിമാനത്താവളം 2017ല്‍ തന്നെ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന്‍ അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യന്‍ എയര്‍ലൈന്സിന്റെയും ആഭ്യന്തര വിമാനങ്ങളുടെയും സര്‍വീസുകള്‍ ആണ് ആദ്യ ഘട്ടത്തില്‍ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റുക. 2017 അവസാനിക്കുന്നതിന് മുമ്പ് തന്നെ പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. അതോടെ നിലവില്‍ വിമാനത്താവളത്തില്‍ അനുഭവപ്പെടുന്ന തിരക്ക് ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ വിമാനത്താവളവും ടെര്‍മിനലും വരുന്നത്.

നൂറ്റിയഞ്ചു ചതുരശ്ര കിലോമീറ്റരാണ് ചുറ്റളവ്. കഴിഞ്ഞ വര്‍ഷം നടന്ന എട്ടാമത് ഗ്ലോബല്‍ ഇന്ഫ്രാസ്ട്രക്ച്ചര്‍ ലീഡര്‍ഷിപ്‌ ഫോറത്തില്‍ ഏറ്റവും നല്ല എഞ്ചിനീയറിംഗ് പ്രോജക്ടിനുള്ള പുരസ്കാരം നേടിയിരുന്നു പുതിയ ടെര്‍മിനല്‍. ഇവിടെയുള്ള 136 മീറ്റര്‍ ഉയരമുള്ള എയര്‍ ട്രാഫിക് കണ്ട്രോള്‍ ടവര്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയതാണ്. 3000 പേര്‍ക്ക് പ്രാര്‍ഥിക്കാന്‍ സൗകര്യമുള്ള പള്ളിയും ഇതോടനുബന്ധിച്ച് തയ്യാറാകും. 46 ഗേറ്റുകളും 220 കൌണ്ടറുകളും 80 സെല്‍ഫ് സര്‍വീസ് മെഷിനുകളും ഉണ്ടാകും. ഫസ്റ്റ് ക്ലാസ് ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കായി അഞ്ച് ലോഞ്ചുകള്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി നൂറ്റി ഇരുപത് മുറികള്‍ ഉള്ള ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ എന്നിവയും ടെര്‍മിനലില്‍ ഉണ്ടാകും. ആഭ്യന്തര ടെര്‍മിനലിനും ഇന്റര്‍നാഷണല്‍ ടെര്‍മിനലിനും ഇടയില്‍ യാത്ര ചെയ്യാനായി ഇലക്ട്രിക് ഷട്ട്‍ല്‍ സര്‍വീസ് ഉണ്ടാകും. ആകെ മുപ്പത്തിമൂന്ന് കിലോമീറ്റര്‍ നീളം വരുന്ന കണ്‍വെയര്‍ ബെല്‍റ്റുകള്‍ ആണ് ഇവിടെ ഉണ്ടാകുക. 8200 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന നാല് നില പാര്‍ക്കിംഗ് സൗകര്യവും ഉണ്ടാകും. വിമാനത്താവളം പൂര്‍ണ സജ്ജമാകുന്നതോടെ എല്ലാ വിമാനങ്ങളും പുതിയ ടെര്‍മിനലുകളില്‍ നിന്നാകും സര്‍വീസ് നടത്തുക.

New airport flight