ശബരിമലയിൽ സംഘർഷം നടത്തിയ അക്രമികളുടെ പുതിയ ഫോട്ടോ ആൽബം കൂടി പൊലീസ് പുറത്തുവിട്ടു. 210 പേരുടെ ചിത്രങ്ങളാണ് പുതിയ ആൽബത്തിലുള്ളത്. കേസിൽ കൂടുതൽ അറസ്റ്റുകളുണ്ടാകും. നാമജപസമരം നടത്തിയവരെയോ സ്ത്രീകളെയോ അറസ്റ്റ് ചെയ്യില്ല. 

പത്തനംതിട്ട: ശബരിമലയിൽ സംഘ‌ർഷം നടത്തിയ കൂടുതൽ അക്രമികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സജീവമാക്കി പൊലീസ്. അക്രമം നടത്തിയതായി ദൃശ്യങ്ങളിൽ കണ്ടെത്തിയ 210 പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെയും 210 പേരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ഈ ചിത്രങ്ങൾ വിവിധ ജില്ലകളിലെ പൊലീസ് ആസ്ഥാനങ്ങളിലേയ്ക്ക് അയച്ചുനൽകിയിട്ടുണ്ട്. പേരോ മേൽവിലാസമോ അറിയാത്തതിനാൽ ഇവരെ കണ്ടുകിട്ടിയാൽ ഉടനടി അറിയിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
നിലയ്ക്കലിലുണ്ടായ സംഘർഷത്തിന് നേതൃത്വം നൽകിയവരെയും യുവതികളെത്തിയപ്പോൾ തടഞ്ഞവരെയും ഏത് വിധേനയും അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം ഊർജിതമാക്കിയിരിക്കുന്നത്. സ്ത്രീപ്രവേശനത്തിനെതിരെ ശബരിമലയിലുണ്ടായ സംഘർഷത്തിൽ ഇതുവരെ 3505 പേരാണ് അറസ്റ്റിലായത്. 122 പേര്‍ റിമാന്‍ഡിലാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 529 ആയി. 12 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കലാപശ്രമം, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 
ശബരിമലയിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനും തുടര്‍നടപടികള്‍ തീരുമാനിക്കാനും ഡിജിപിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നത പോലീസ് യോഗം ചേരുന്നുണ്ട്. അറസ്റ്റുകളുടെ കാര്യത്തിലും യോഗം തീരുമാനമെടുക്കും. നാമജപസമരത്തിൽ പങ്കെടുത്തവരെയോ, സ്ത്രീകളെയോ ഇനി അറസ്റ്റ് ചെയ്യില്ലെന്നും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.