കാസര്‍കോഡ്: കാസര്‍കോഡ് ബദിയടുക്ക മവ്വാറില്‍ നവജാത ശിശുവിനെ കൊലപെടുത്തി മൃതദേഹം കുഴിച്ചിട്ടെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. വീട്ടില്‍ കുഴിച്ചിട്ട മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പൊലീസ് പുറത്തെടുത്തു. മവ്വാര്‍ പട്ടികജാതി കോളിനിയിലെ രോഹിണിയുടെ കുട്ടിയാണ് തിങ്കളാഴ്ച്ച മരിച്ചത്. പ്രസവിച്ച ഉടനെ കുട്ടി മരിച്ചെന്ന് പറഞ്ഞ് രോഹിണിയുടെ അമ്മ ലക്ഷി കുട്ടിയെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. സംശയം തോന്നിയ അയല്‍വാസികളാണ് പൊലീസിന്‍ പരാതി നല്‍കിയത്.
രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചതാണെന്നും അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയായതിനാല്‍ കൊലപെടുത്തി കുഴിച്ചിട്ടെന്നായിരുന്നു പരാതി.
പരാതിയില്‍ കേസെടുത്ത ബദിയടുക്ക പൊലീസ് വീട്ടിലെത്തി തഹസില്‍ദാറുടെ സാനിദ്ധ്യത്തില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തു. യുവതിയുടേയും അമ്മയുടേയും മൊഴിയെടുത്തു. പ്രസവിച്ച ഉടനെതന്നെ കുട്ടി മരിച്ചുപോയെന്നും അതുകൊണ്ടാണ് കുഴിച്ചിട്ടതെന്നുമാണ് രോഹിണിയുടെ അമ്മ ലക്ഷി പറഞ്ഞത്.
ഭര്‍ത്താവ് ഉപേക്ഷിച്ച മകള്‍ സമീപവാസിയായ ജഗദീഷ് എന്നയാളിന്‍റെയൊപ്പമാണ് ജീവിക്കുന്നതെന്നും ലക്ഷ്മി പറഞ്ഞു.
ഇൻക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പരിയാരം മെഡിക്കല്‍കോളേജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും അതിനുശേഷമേ കൊലപാതകമാണോയെന്നകാര്യം വ്യക്തമാവുകയുള്ളൂവെന്ന് ബദിയടുക്ക പോലീസ് പറഞ്ഞു.
