തിരുവനന്തപുരം: കരമടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങളുമായി സർക്കുലർ വരുന്നു. കരമടയ്ക്കാൻ വില്ലേജ് ഓഫീസിൽ എത്തുന്നയാൾക്ക് ആദ്യ ദിവസം തന്നെ ഇതിനുള്ള സൗകര്യം നൽകണം. രണ്ടു തവണയ്ക്കുള്ളിൽ തീർച്ചയായും പരിഹാരം ഉണ്ടാക്കണം. കരം സ്വീകരിക്കാൻ കഴിയില്ലെങ്കിൽ കാരണം രേഖാമൂലം അതുമായി ബന്ധപ്പെട്ട വ്യക്തിയെ അറിയിക്കണം.
തഹസീൽദാറെയും വില്ലേജ് ഓഫീസർ കാരണം അറിയിക്കണം. കരമടയ്ക്കുന്നത് വൈകിപ്പിച്ചാൽ ഓഫീസർക്കെതിരെ നടപടിയുടുക്കാനുള്ള നിർദേശവും പുതിയ സർക്കുലറിലുണ്ടാകും.
കരമടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫീസിൽ കർഷകൻ ജീവനൊടുക്കിയതിനു പിന്നാലെയാണ് നടപടി. ചെമ്പനോട സ്വദേശി കാവിൽ പുരയിടത്തിൽ ജോയി എന്ന തോമസാണ് (56) ഓഫീസിന്റെ ഗ്രില്ലിൽ തൂങ്ങിമരിച്ചത്.
ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന്റെ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിന്നിരുന്നു. ഇതിന്റെ പേരിൽ ഒരു വർഷം മുമ്പ് ജോയിയും ഭാര്യയും ചെമ്പനോട വില്ലേജ് ഓഫീസിനു മുമ്പിൽ നിരാഹാര സമരം നടത്തിയിരുന്നു. ജനപ്രതിനിധികൾ ഇടപെട്ടതിനെത്തുടർന്നു താത്കാലികമായി നികുതി സ്വീകരിക്കാൻ വില്ലേജ് അധികൃതർ തയാറായി.
പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു ജോയിയും കുടുംബവും പിന്നീട് വില്ലേജ് ഓഫീസ് കയറിയിറങ്ങിയെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നു.
