ക്വാര്‍ട്ടറിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടമാണ് ബ്രസീലും ബെല്‍ജിയവും തമ്മിലുള്ളത്

മോസ്കോ: ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഏറ്റവും വാശിയേറിയ പോര് നടക്കുക ബ്രസീലും ബെല്‍ജിയവും തമ്മിലാണ്. ശക്തരായ രണ്ടു ടീമുകള്‍ തമ്മില്‍ കൊമ്പു കോര്‍ക്കുമ്പോള്‍ കളത്തില്‍ സൂപ്പര്‍ താരങ്ങള്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് കൂടെയാണ് വേദിയൊരുങ്ങുക. ജര്‍മനിയെ ഞെട്ടിച്ച് വന്ന മെക്സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മഞ്ഞപ്പട അവസാന എട്ടില്‍ സ്ഥാനം ഉറപ്പിച്ചത്. അതേസമയം, എളുപ്പത്തില്‍ ജയിച്ചു കയറാമെന്ന പ്രതീക്ഷയുമായി കളത്തിലിറങ്ങിയ ബെല്‍ജിയം ജപ്പാന് മുമ്പില്‍ വെള്ളം കുടിച്ച ശേഷം അവസാന നിമിഷമാണ് ജയിച്ച് കയറിയത്.

രണ്ടു ഗോളിന് പിന്നിലായ പോയ കോമ്പനിയും കൂട്ടരും അവിശ്വസനീയ കുതിപ്പാണ് ആ മത്സരത്തില്‍ നടത്തിയത്. ഇതിന് വഴിയൊരുക്കിയത് പകരക്കാരനായിറങ്ങിയ ഫെല്ലിനിയാണ്. പതറിയ ബെല്‍ജിയത്തിന് പുത്തന്‍ ഊര്‍ജം നല്‍കാന്‍ മാഞ്ചസ്റ്റര്‍ താരത്തിന് സാധിച്ചു. ഇതോടെ വന്‍ താരപരിവേശവും ആത്മവിശ്വാസവുമാണ് ഫെല്ലിനിക്ക് ലഭിച്ചിരിക്കുന്നത്.

ഇതു മുതലാക്കാന്‍ ബെല്‍ജിയം പരിശീലകന്‍ റോബേർട്ടോ മാർട്ടീനസ് തീരുമാനിച്ചതായാണ് വിവരം. ഫെല്ലിനിയെ ആദ്യ ഇലവനില്‍ കളിപ്പിക്കാനാണ് പരിശീലകന്‍റെ തന്ത്രമെന്നാണ് സൂചന. കടലാസില്‍ കരുത്തരെങ്കിലും മാനസിക ആധിപത്യത്തില്‍ ബെല്‍ജിയത്തിന് ബ്രസീലിനെ വെല്ലാന്‍ കഴിയില്ലെന്ന ബോധ്യമാണ് മാര്‍ട്ടിനസിനെ പുതിയ പരീക്ഷണത്തിന് പ്രേരിപ്പിക്കുന്നത്.