തൊഴിലിനായി ശ്രമിക്കുന്നവര്‍ ഈ- മൈഗ്രേറ്റ് സംവിധാനം പ്രയോജനപ്പെടുത്തണം

ഒമാന്‍: ഒമാനില്‍ പുതിയ വ്യവസായങ്ങള്‍ വരുന്നതോടെ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ സ്ഥാനപതി. ഒമാനിലേക്ക് തൊഴിലിനായി ശ്രമിക്കുന്നവര്‍ ഈ- മൈഗ്രേറ്റ് സംവിധാനം പ്രയോജനപ്പെടുത്തണമെന്നും സ്ഥാനപതി ഇന്ദ്രമണി പാണ്ഡേ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇ-മൈഗ്രേറ്റഡ് സംവിധാനം വളരെ വിജയകരമാണ്. ഒമാനിലെ തൊഴില്‍ ദാതാവിന് തങ്ങളുടെ യഥാര്‍ത്ഥമായ ആവശ്യം സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയാല്‍ അവര്‍ക്ക് റിക്രൂട്ടിംഗ് ഏജന്റുകളുമായി ബന്ധപ്പെടാം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒമാനിലെ ധാരാളം സ്ഥാപനങ്ങള്‍ ഈ സംവിധാനത്തിലൂടെ ഇന്ത്യയില്‍ നിന്ന് തൊഴില്‍ ശക്തിയെ റിക്രൂട്ട് ചെയ്തു വരുന്നുണ്ടെന്നും സ്ഥാനപതി പറഞ്ഞു.

2017 ഡിസംബര്‍ മുതലാണ് രാജ്യത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒമാന്‍ മന്ത്രിസഭാ കൗണ്‍സില്‍ നടപടികള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 87 തസ്തികളിലേക്കുള്ള തൊഴില്‍ വിസ അനുവദിക്കുന്നതില്‍ ഒമാന്‍ സര്‍ക്കാര്‍ നിയന്ത്രണം വരുത്തിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ധാരാളം പുതിയ തൊഴില്‍ അന്വേഷകര്‍ക്ക് അവസരങ്ങള്‍ ഇല്ലാതെയായിരുന്നു.