ദോഹ: ഖത്തറിൽ തെരഞ്ഞെടുത്ത മേഖലകളിൽ വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിൽ വാങ്ങാൻ അനുമതി നൽകുന്ന കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമം നടപ്പിലായാൽ പ്രത്യേക മേഖലകളിൽ വിദേശികൾക്ക് ഭൂമി വാങ്ങാനും താമസത്തിനും വാണിജ്യാവശ്യങ്ങൾക്കും സ്വന്തം പേരിൽ കെട്ടിടങ്ങൾ വാങ്ങാനും കഴിയും.
ഖത്തറിലെ പ്രവാസി സമൂഹം ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടു സുപ്രധാന നിയമങ്ങൾ ഉടൻ മന്ത്രിസഭയുടെ പരിഗണനക്കെത്തുമെന്ന് കഴിഞ്ഞ മാസം 28ന് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫാ അൽതാനി അറിയിച്ചിരുന്നു.. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സന്തോഷത്തോടെ ഏറ്റെടുത്ത പ്രവാസി സമൂഹം നിയമം എപ്പോൾ നടപ്പിലാകുമെന്ന് അക്ഷമയോടെ കാത്തിരിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയത്. പുതിയ കരട് നിയമപ്രകാരം ഭൂമിക്ക് പുറമെ താമസ - വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളും പ്രവാസികൾക്ക് സ്വന്തം ഉടമസ്ഥതയിൽ വാങ്ങാനാവും. ഏതൊക്കെ പ്രദേശങ്ങളിലാണ് വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും അനുവദിക്കുകയെന്ന കാര്യത്തിൽ മന്ത്രിസഭയാണ് തീരുമാനമെടുക്കുക. രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വിദേശികൾ ഉൾപെടെ ചില പ്രത്യേക വിഭാഗങ്ങളിൽ പെട്ട വിദേശികൾക്ക് സ്ഥിരം താമസാനുമതി നൽകുന്ന കാര്യവും പരിഗണനയിലുണ്ടെന്നും പ്രധാന മന്ത്രി ദേശീയ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഉറപ്പ് നൽകിയിരുന്നു. മന്ത്രി സഭ അംഗീകരിച്ച ഈ കരട് നിയമവും ഇപ്പോൾ ശൂറാ കൗൺസിലിന്റെ പരിഗണനയിലാണ്. ശുറകൗൺസിൽ കൂടി അംഗീകരിക്കുന്നതോടെ രണ്ടു സുപ്രധാന നിയമങ്ങളും വൈകാതെ നിലവിൽ വരുമെന്നാണ് സൂചന. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഇക്കാര്യങ്ങളിൽ രാജ്യം നിർണായക ചുവടുവെപ്പുകൾ നടത്തുന്നത്.
