'നേരത്തേ തീരുമാനിച്ച പദ്ധതികളെ പറ്റി പുനരാലോചിക്കണം. കാരണം സാഹചര്യങ്ങള്‍ ആകെ മാറിയല്ലോ. പുതിയ മാസ്റ്റര്‍പ്ലാന്‍ എന്നാല്‍ ഇനിയൊരു പ്രതികൂല സാഹചര്യമുണ്ടായാല്‍ അതുകൂടി അതിജീവിക്കാന്‍ കഴിയുന്ന രീതിയിലുള്ളതായിരിക്കണം. ഇതിനും ഏറെ ചര്‍ച്ചകള്‍ ആവശ്യമാണ്'

തിരുവനന്തപുരം: പ്രളയത്തിന് ശേഷം പുതിയ കേരളത്തിനായി തദ്ദേശസ്വയംഭരണ വകുപ്പിന് ഏറെ ചെയ്യാനുണ്ടെന്ന് മന്ത്രി എ.സി.മൊയ്തീന്‍. വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനും കാര്‍ഷികമേഖലയെ താങ്ങിനിര്‍ത്തുന്നതിനുമായിരിക്കണം കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതെന്ന് മന്ത്രി. ഇതിനായി അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി പറയുന്നു. ഒരു പുതിയ മാസ്റ്റര്‍ പ്ലാനാണ് കേരളത്തിന് ആവശ്യമെന്നും എന്നാല്‍ അതോടൊപ്പം തന്നെ ഏറെ ചര്‍ച്ചകള്‍ ഇതിന് മുന്നോടിയായി നടത്തേണ്ടതുണ്ടെന്നും മന്ത്രി ഓര്‍മ്മിപ്പിക്കുന്നു. 

'പാവപ്പെട്ടവരും പണക്കാരുമെന്ന് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും കനത്ത നഷ്ടമുണ്ടായി. സ്‌കൂളുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ രേഖകള്‍ എന്നിങ്ങനെ എല്ലാം നഷ്ടമായി. എല്ലാവരുടെയും പിന്തുണയോടെ ഈ പ്രതിസന്ധി പരിഹരിക്കും. സമഗ്രമായ മാറ്റത്തിനായാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് തദ്ദേശസ്വയംഭരണ വകുപ്പ് മാത്രമല്ല, എല്ലാ വകുപ്പും ഒരുമിച്ച് കൈകോര്‍ക്കണം. നിലവില്‍ ആലോചിച്ചുവച്ച പദ്ധതികളെ പറ്റിയും പുനരാലോചിക്കണം. കാരണം നേരത്തേയുണ്ടായിരുന്ന സാഹചര്യങ്ങള്‍ ആകെ മാറിയല്ലോ. പുതിയ മാസ്റ്റര്‍പ്ലാന്‍ എന്നാല്‍ ഇനിയൊരു പ്രതികൂല സാഹചര്യമുണ്ടായാല്‍ അതുകൂടി അതിജീവിക്കാന്‍ കഴിയുന്ന രീതിയിലുള്ളതായിരിക്കണം. ഇതിനും ഏറെ ചര്‍ച്ചകള്‍ ആവശ്യമാണ്'- മന്ത്രി പറഞ്ഞു. 

കാര്‍ഷിക-ഗ്രാമീണ മേഖലയ്ക്കും, പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന ചെറുകിട തൊഴില്‍ മേഖലയ്ക്കും താങ്ങാകുകയെന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും ഇന്നത്തെ നേട്ടങ്ങള്‍ നഷ്ടമാകാതെ തന്നെ ഇതിനായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.