ദില്ലി: ബി.ജെ.പിയിലെ ഏറെകാലമായുള്ള അധികാര സമവാക്യങ്ങളില്‍ മെല്ലെ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുന്നതാണ് നിര്‍മ്മലാ സീതാരാമന്റെ സ്ഥാനക്കയറ്റം. തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ അഴിമതി ആരോപണം ഒഴിവാക്കുക എല്ലാ ലക്ഷ്യവും ഈ തീരുമാനത്തിലുണ്ട്.
തന്ത്രപ്രധാനമായ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയില്‍ ഇനി രണ്ടു വനിതകളുണ്ടാവും. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനൊപ്പം നിര്‍മ്മലാ സീതാരാമന്‍ കൂടി ഈ നിര്‍ണ്ണായക സമിതിയില്‍ എത്തുമ്പോള്‍ ബി.ജെ.പിയിലെ സമവാക്യങ്ങള്‍ കൂടിയാണ് മാറുന്നത്. മുന്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ കൂടിയായ നിതിന്‍ ഗഡ്കരിയും പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളായ അനന്ദ് കുമാറും തവര്‍ചന്ദ് ഗലോട്ടും മുതിര്‍ന്ന നേതാവ് രവിശങ്കര്‍ പ്രസാദുമൊക്കെയുള്ള മന്ത്രിസഭയിലാണ് ഇന്ന് കാബിനറ്റ് മന്ത്രിയായ നിര്‍മ്മലാ സീതാരാമന് പ്രതിരോധം കിട്ടിയിരിക്കുന്നത്. പരമ്പരാഗത രീതീകള്‍ തന്നില്‍ നിന്ന് പ്രതീക്ഷിക്കേണ്ടെന്ന് ഒരിക്കല്‍ കൂടി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുന്നു.
രണ്ടു വര്‍ഷത്തിനപ്പുറം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആരോപണങ്ങളുയരാന്‍ പാടില്ലെന്ന നിര്‍ബന്ധവും മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി നിര്‍മ്മലാ സീതാരാമന് സ്ഥാനകയറ്റം നല്കിയതിന് പിന്നിലുണ്ട്. അരുണ്‍ ജെയ്റ്റ്‍ലിയുടെ സ്വാധീനം ഇടിയുന്നുവെന്ന വിലയിരുത്തല്‍ ശരിയല്ലെന്ന സൂചനയും പുനഃസംഘടന നല്കുന്നു. ധനമന്ത്രിസ്ഥാനം നിലനിര്‍ത്തിയ ജെയ്റ്റ്‍ലിയുടെ പിന്തുണയും നിര്‍മ്മലാ സീതാരാമന് പുതിയ സ്ഥാനലബ്ധിക്ക് സഹായകമായി. ഉത്തരവാദിത്തം നിറവേറ്റണമെന്ന ശക്തമായ സന്ദേശമാണ് പ്രധാനമന്ത്രി എല്ലാവര്‍ക്കും നല്കിയിരിക്കുന്നതെന്നായിരുന്നു അരുണ്‍ ജെയ്റ്റ്‍ലിയുടെ പ്രതികരണം.
മികവില്ലെങ്കില്‍ നിലനില്‍പ്പില്ലെന്ന സൂചന ഉമാഭാരതിക്ക് പോലും മോദി നല്കി. വകുപ്പുകള്‍ എടുത്തുമാറ്റിയതില്‍ അതൃപ്തിയുണ്ടെങ്കിലും ഉമാഭാരതിക്ക് ഇത് അംഗീകരിക്കുകയല്ലാതെ തല്‍ക്കാലം മറ്റു വഴികളില്ല. ആല്‍ഫോണ്‍സ് കണ്ണന്താനം, ഹര്‍ദീപ് പുരി, ആര്‍.കെ സിംഗ് എന്നിവര്‍ക്ക് പ്രധാന മന്ത്രാലയങ്ങളുടെ സ്വതന്ത്ര ചുമതല നല്കിയത് ഭരണ നിര്‍വ്വഹണം തൃപ്തികരമല്ലെന്ന വിമര്‍ശനം പ്രധാനമന്ത്രിയും അംഗീകരിക്കുന്നതിന്റെ സൂചനയായി.
