കൊല്ലം: വിവാദങ്ങള്‍ക്കിടെ കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളില്‍ പുതിയ പ്രിൻസിപ്പല്‍ ചുമതലയേറ്റു. അടുത്ത അധ്യായന വര്‍ഷം മുതല്‍ സ്കൂളിന്‍റെ അംഗീകാരം റദ്ദാക്കണമെന്ന ഡിഡിഇയുടെ ശുപാര്‍ശ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ നാളെ പരിഗണിക്കും. കൊല്ലം തങ്കശേരി ഇൻഫന്‍റ് ജീസസ് സ്കൂളില്‍ ചുമതല വഹിച്ചിരുന്ന സില്‍വിയ ആന്‍റണിയാണ് ട്രിനിറ്റി ലൈസിയത്തിലെ പുതിയ പ്രിൻസിപ്പല്‍.
ഇന്ന് മുതല്‍ അദ്ദേഹം സ്കൂളിലെത്തി. ഗൗരി നേഹയുടെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെട്ട രണ്ട് അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിന് നേതൃത്വം നല്‍കിയ മുൻ പ്രിൻസിപ്പല്‍ ഷെവലിയാര്‍ ജോണിനെ നീക്കണമെന്ന് ഡിഡിഇ സ്കൂള്‍ മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചുമതല ഒഴിയാൻ കൂട്ടാക്കാതിരുന്ന ഷെവലിയാല്‍ ജോണിനെ നിര്‍ബന്ധിത അവധിയില്‍ പോകാൻ മാനേജ്മെന്‍റ് നിര്‍ദേശിച്ചു. എന്നാല്‍ ആഘോഷത്തില്‍ പങ്കെടുത്ത മറ്റ് അധ്യാപികമാര്‍ക്കെതിരെയും നടപടി വേണമെന്ന ഡിഡിഇയുടെ നിര്‍ദേശത്തിന് മാനേജ്മെന്‍റ് മറുപടി നല്‍കിയിട്ടില്ല.
അടുത്തിടെ നിരവധി അനിഷ്ടസംഭവങ്ങള്‍ ഉണ്ടായ ട്രിനിറ്റി ലൈസിയം സ്കൂളിന്‍റെ അംഗീകാരം റദ്ദാക്കണമെന്ന ഡിഡിഇയുടെ ശുപാര്‍ശ ഗൗരവമായാണ് കാണുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്കൂള്‍ മാനേജ്മെന്‍റിന്‍റെ വിശദീകരണങ്ങളൊന്നും ഇക്കാര്യത്തില്‍ തൃപ്തികരമല്ലെന്നും അദ്ദേഹം വ്യക്തി. അതേസമയം ഗൗരിനേഹയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുകയാണ്
