കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍  വിസകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് പുതിയ നിരക്ക് പ്രബല്യത്തില്‍ വന്നു. തുടക്കത്തില്‍ സ്വകാര്യ-എണ്ണ മേഖലയില്‍  ജോലി ചെയ്യുന്നവര്‍ക്കാണ് മാറ്റം ബാധകമെന്ന് തൊഴില്‍-  സാമൂഹ്യമന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ-എണ്ണ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ മാറുന്നതിനുള്ള ഫീസില്‍ വര്‍ധനവ് വരുത്തിയാണ് തൊഴില്‍-സാമൂഹിക കാര്യ വകുപ്പ് മന്ത്രി ഉത്തരവ് ഇറക്കി.

തൊഴില്‍ വകുപ്പ് കഴിഞ്ഞ വര്‍ഷം ഇറക്കിയ 842ാം നമ്പര്‍ ഉത്തരവില്‍ നിരക്ക് വര്‍ധനവ് അനുവദിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പുതിയ നിരക്ക് പ്രബല്യത്തില്‍ വന്നത്. നിരക്ക് വര്‍ധനവിന് ഒപ്പം, വിദേശികള്‍ക്ക് ഏറെ ഗുണകരമാകുന്ന തീരുമാനവും ഉത്തരവില്‍ ഉണ്ടെന്ന് പ്രദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വകാര്യമേഖലയിലെ തൊഴില്‍ വീസയിലുള്ള ഒരു തൊഴിലാളിക്ക് 300 ദിനാര്‍ ഫീസ് അടച്ചാല്‍ ഒരുവര്‍ഷം തികയും മുന്‍പ് ഇഖാമ മാറ്റം സാധ്യമാകും എന്നതാണത്. ഒപ്പം, സര്‍ക്കാര്‍ പദ്ധതിയിലേക്ക് പ്രാദേശികമായി റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ക്ക് 300 ദിനാര്‍ നല്‍കിയാല്‍ ഒരുവര്‍ഷം തികയും മുന്‍പ് സ്വകാര്യമേഖലയിലേക്ക് ഇഖാമ മാറ്റം അനുവദിക്കും.

കാലാവധി ഉള്ളതോ കഴിഞ്ഞതോ ആയ ഒരു തൊഴിലാളിക്ക് മറ്റെരു സ്‌പോണ്‍സറുടെ കീഴിലുള്ള സ്ഥപനങ്ങളിലേക്ക് മാറുന്നതിന് 350-ദിനാര്‍ ഫീസ് നല്‍കണം. ഇത്തരം വിസ മാറ്റം മറ്റെരു സര്‍ക്കാര്‍ കരാറിലേക്കാണങ്കില്‍ 300 ആകും ഫീസ്.സര്‍ക്കാര്‍ കരാറിലുള്ള തൊഴിലാളിക്ക് അതേ സ്‌പോണ്‍സറുടെ തന്നെ മറ്റെരു സര്‍ക്കാര്‍ കരാറിലേക്ക് മാറുന്നതിന് 200 ദിനാറും നല്‍കേണ്ടി വരും.