ഗള്‍ഫില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പുതിയ നിബന്ധനകള്‍, ദുബായിലേയും ഷാര്‍ജയിലേയും കാര്‍ഗോ കമ്പനികള്‍ നടപ്പാക്കിയത് പ്രവാസികളെ ദുരിതത്തിലാക്കി. കോഴിക്കോട്ടേക്കു പോകാനെത്തിയവര്‍ മൃതദേഹവുമായി മണിക്കൂറുകളോളം ഇന്ന് ഷാര്‍ജ വിമാനത്താവളത്തിൽ കാത്തിരുന്നു. എന്നാൽ നിലവിലുള്ള നിയമം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം.

വിദേശത്ത് വെച്ച് മരണപ്പെട്ടയാളുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റടക്കമുള്ള രേഖകകള്‍ മൃതദേഹം കയറ്റി അയക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് നാട്ടിലെ വിമാനത്താവളങ്ങളില്‍ സമര്‍പ്പിക്കണമെന്ന നിബന്ധനയാണ് പ്രവാസികളെ വെട്ടിലാക്കിയിരിക്കുന്നത്. കരിപ്പൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അയച്ച ഉത്തരവ് ചൂണ്ടിക്കാട്ടി ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളിലെ കാര്‍ഗോ കമ്പനികള്‍ കഴിഞ്ഞ ദിവസം കോഴിക്കോടേക്കുള്ള മൃതദേഹം കയറ്റി അയക്കാന്‍ വിസമ്മതിച്ചത് നേരിയ തോതില്‍ പ്രതിഷേധത്തിനിടയാക്കി. ഒടുവില്‍ മണിക്കൂറുകള്‍ കാത്തുകിടന്നാണ് മൃതദേഹം നാട്ടിലേക്കയച്ചത്. എന്നാല്‍ നിലവിലുള്ള നിയമങ്ങൾ മാത്രമാണ് നടപ്പിലാക്കിയതെന്ന് കരിപ്പൂർ എയർ പോർട്ട് ഡെപ്യൂട്ടി ഹെല്‍ത്ത് ഓഫീസർ മുഹമ്മദ് ജലാലുദീൻ പ്രതികരിച്ചു.

നിലവില്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് ഗള്‍ഫില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാം. എന്നാല്‍ പുതിയ തീരുമാനം നടപ്പിലാക്കിയാല്‍ ചുരുങ്ങിയത് നാലുദിവസമെങ്കിലും പിടിക്കും. ഇത് നാട്ടിലുള്ള കുടുംബത്തിന്റെ വേദന കൂട്ടുന്നതോടൊപ്പം, മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്ന ഗള്‍ഫിലുള്ള സഹപ്രവര്‍ത്തകരെയും, സുഹൃത്തുക്കളെയും ഏറെ ബുദ്ധിമുട്ടിലാക്കും. മൃതദേഹം പഴകുന്നതിനും വഴിവെക്കും. തങ്ങളുടെ വിഷയങ്ങളോട് എന്നും മുഖം തിരിക്കാറുള്ള സര്‍ക്കാരുകള്‍ മരിച്ചു കഴിഞ്ഞാലെങ്കിലും നീതി ലഭ്യമാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.