ചിത്രത്തിലുള്ള രണ്ടുവയസ്സുകാരി ഇപ്പോഴും അമ്മയോടൊപ്പം? കുഞ്ഞിന്‍റെ പിതാവെന്നവകാശപ്പെട്ട് ഹോണ്ടുറാസ് പൗരന്‍

ന്യൂയോര്‍ക്ക്: അഭയാര്‍ത്ഥി കുടുംബങ്ങളിലെ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി ആഗോളതലത്തില്‍ വിമര്‍ശിക്കപ്പെടാന്‍ കാരണമായ ആ ചിത്രം വ്യാജമെന്ന് വാര്‍ത്ത. കഴിഞ്ഞ ദിവസം ലോകമാകെ ചര്‍ച്ച ചെയ്ത ചിത്രത്തിലുള്ള പെണ്‍കുഞ്ഞിന്റെ പിതാവാണെന്നവകാശപ്പെട്ട് എത്തിയ ഹോണ്ടുറാസ് പൗരനായ ഡെനിസ് വരേളയാണ് ഇക്കാര്യം പറയുന്നത്. തന്റെ മകള്‍ അമ്മയില്‍നിന്നും വേര്‍ പിരിഞ്ഞിട്ടില്ലെന്നും അത്തരം അവകാശവാദം തെറ്റാണെന്നുമാണ് ഇയാള്‍ പറയുന്നത്. 

'അതെന്റെ മകള്‍ യലേനയാണ്. എന്നോട് പറയാതെയാണ് ഭാര്യ സാന്‍ഡ്ര അവളേയും കൂട്ടി അതിര്‍ത്തി കടന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ പ്രതീക്ഷിച്ചായിരിക്കും സാന്‍ഡ്ര അത് ചെയ്തത്. പക്ഷേ കുഞ്ഞിനെ കൊണ്ടുപോകാന്‍ തീരുമാനിക്കും മുമ്പ് ഒന്നുകൂടി ആലോചിക്കാമായിരുന്നു'-വാര്‍ത്താ ഏജന്‍സികള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡെനിസ് വരേള പറയുന്നു. 

'എത്രമാത്രം അപകടം പിടിച്ചതാണ് അതിര്‍ത്തിയിലൂടെയുള്ള യാത്രയെന്ന് എനിക്ക് നന്നായിട്ടറിയാം. അതുകൊണ്ടുതന്നെ ഞാനതിന് ഒരിക്കലും മുതിരില്ല. സാന്‍ഡ്രയ്ക്ക് അത്തരമൊരു താല്‍പര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാനവളെ വിലക്കി. കുഞ്ഞിനെ കൊണ്ടുപോകരുതെന്നും പറഞ്ഞതാണ്.... എന്നിട്ടും അവള്‍ പോയി....ആ ഫോട്ടോ കണ്ടപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു. എന്റെ പ്രിയപ്പെട്ട കുഞ്ഞുമകളെ നോക്കി നിസ്സഹായതയോടെ ഞാന്‍ കരഞ്ഞു'-അഭിമുഖത്തില്‍ വരേള പറയുന്നു. 

ഇപ്പോള്‍ യലേനയും സാന്‍ഡ്രയും സുരക്ഷിതരായി ടെക്സസിലുള്ള ക്യാംപില്‍ കഴിയുകയാണെന്നാണ് വരേള പറയുന്നത്. അതിനാല്‍, കുഞ്ഞിനെ അമ്മയില്‍നിന്നും മാറ്റി എന്ന വാദത്തില്‍ കഴമ്പില്ല-വരേള പറയുന്നു. 

'സാന്‍ഡ്രയോട് എനിക്കൊട്ടും ദേഷ്യമില്ല, പക്ഷേ എന്‍റെ മകളോട് ഒന്നു യാത്ര പറയാന്‍ പോലുമുള്ള അവസരം എനിക്ക് തന്നില്ല. മറ്റ് മൂന്ന് മക്കളും എന്താണ് സംഭവിക്കുന്നതെന്ന് ഇടയ്ക്കിടെ എന്നോട് ചോദിക്കുന്നുണ്ട്. അവരുടെ ആശങ്കയും പേടിയും ഇനിയും പെരുപ്പിക്കാന്‍ എനിക്ക് താല്‍പര്യമില്ലാത്തതുകൊണ്ട് അവരോട് ഞാനൊന്നും പറയുന്നില്ല... കുഞ്ഞുങ്ങളെ അവരുടെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തുന്നത്, അത് ഏത് അവസ്ഥയിലാണെങ്കിലും എത്ര ക്രൂരമാണ്. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെ ന്യായീകരിക്കാനാകില്ല. യലേനയും സാന്‍ഡ്രയും ഇനി എപ്പോള്‍ തിരിച്ചുവരുമെന്നറിയില്ല. എങ്കിലും കാത്തിരിക്കുകയാണ്... അതുമാത്രമേ എനിക്കിപ്പോള്‍ ചെയ്യാനാകൂ..'-അഭിമുഖത്തില്‍ വരേള പറയുന്നു.