'കഴിഞ്ഞ മാസം പമ്പയിലും നിലയ്ക്കലിലുമായി നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത പലരും ഇക്കുറി ചിത്തിര ആട്ട പൂജകളുടെ സമയത്തും സന്നിധാനത്ത് എത്തിയതായി പൊലീസ് സംശയിക്കുന്നു. ഇവരില്‍ പലരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന'
തിരുവനന്തപുരം: ചിത്തിര ആട്ട പൂജകള്‍ക്കായി നട തുറന്നപ്പോള്‍ സന്നിധാനത്തെത്തിയവരില്‍ മഹാഭൂരിപക്ഷം പേരും പ്രതിഷേധക്കാരെന്ന് പൊലീസ് വിലയിരുത്തുന്നതായി റിപ്പോര്‍ട്ട്. ആകെ ശബരിമലയിലെത്തിയത് 7,300 പേരാണെന്നും ഇതില്‍ മുക്കാല്‍ പങ്ക് പേരും പ്രതിഷേധത്തിനായി എത്തിയവരാണെന്നും പൊലീസ് വൃത്തങ്ങള്‍ വിലയിരുത്തുന്നതായി 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്യുന്നു.
പോയ വര്‍ഷങ്ങളില്‍ ചിത്തിര ആട്ട പൂജയ്ക്കായി നട തുറക്കുമ്പോള്‍ സന്ദര്‍ശനത്തിനെത്തിയിരുന്നത് ശരാശരി 500- 700 പേരായിരുന്നു. ഈ കണക്ക് വച്ച് ഇക്കുറി ശബരിമലയിലെത്തിയവരുടെ പശ്ചാത്തലം പൊലീസ് അന്വേഷിക്കുന്നതായാണ് സൂചന.
'ബിജെപി- ആര്‍എസ്എസ് സംഘാടനത്തിന്റെ ഭാഗമായാണ് ഇത്രയധികം ആളുകള്‍ ശബരിമലയിലെത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ മാസം പമ്പയിലും നിലയ്ക്കലിലുമായി നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത പലരും ഇക്കുറി ചിത്തിര ആട്ട പൂജകളുടെ സമയത്തും സന്നിധാനത്ത് എത്തിയതായി പൊലീസ് സംശയിക്കുന്നു. ഇവരില്‍ പലരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ മണ്ഡലപൂജയ്ക്ക് വീണ്ടും നട തുറക്കുമ്പോള്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം'- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നേരത്തേ അറസ്റ്റിലായ പലരും ജാമ്യത്തിലിറങ്ങിയ ശേഷം ഇരുമുടിക്കെട്ടുമായി അയ്യപ്പദര്‍ശനത്തിന് വീണ്ടുമെത്തിയത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമെന്നത് കൊണ്ടാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് കഴിയാഞ്ഞതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രായം സംബന്ധിച്ച് സംശയം തോന്നിയതിനെ തുടര്‍ന്ന് തൃശൂര്‍ സ്വദേശിനിയെ ആക്രമിച്ച സംഭവം, സുരക്ഷ ശക്തമാക്കണമെന്ന പാഠമാണ് പൊലീസിന് നല്‍കിയിരിക്കുന്നത്. രണ്ട് ഐജിമാരുടെയും അഞ്ച് എസ്പിമാരുടെയും 14 ഡിഎസ്പിമാരുടെയും കീഴില്‍ ഏതാണ്ട് 2000ത്തിലധികം പൊലീസുകാരാണ് സന്നിധാനത്തുണ്ടായിരുന്നത്. ഇതിന് പുറമെ സന്നിധാനത്തും പരിസരങ്ങളിലുമായി കമാന്‍ഡോകളും നിലയുറപ്പിച്ചിരുന്നു. എന്നിട്ടും അക്രമസംഭവം റിപ്പോര്‍ട്ട് ചെയ്തത് തങ്ങളുടെ വീഴ്ചയായി പൊലീസ് കണക്കാക്കുന്നുവെന്നാണ് സൂചന.
പൊലീസ് മൈക്കില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഭക്തരോട് സംസാരിച്ചതും ഏറെ വിവാദമായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഈ 16ന് നട വീണ്ടും തുറക്കുമ്പോള്‍ കുറെക്കൂടി ജാഗ്രതയോടെ കാവലേര്‍പ്പെടുത്താന്‍ തന്നെയാണ് പൊലീസിന്റെ തീരുമാനം.
