ജിദ്ദ: അടുത്ത ഉംറ സീസണ്‍ ഒരു മാസം നേരത്തെ ആരംഭിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സൗദി. ഹജ്ജ് തീര്‍ഥാടകരുടെ മടക്കം പൂര്‍ത്തിയായ ഉടനെ ഉമ്ര തീര്‍ഥാടകര്‍ എത്തിതുടങ്ങുമെന്നാണ് പ്രതീക്ഷ. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ വിദേശ തീര്‍ഥാടകര്‍ അടുത്ത സീസണില്‍ ഉമ്ര നിര്‍വഹിക്കും.
കൂടുതല്‍ വിദേശ തീര്‍ഥാടകര്ക്ക് ഉംറ നിര്‍വഹിക്കാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഉമ്ര സീസണ്‍ വര്‍ഷത്തില്‍ എട്ടു മാസത്തില്‍ നിന്നും പത്ത് മാസമായി വര്‍ധിപ്പിക്കാനാണ് ഹജ്ജ് ഉമ്ര മന്ത്രാലയത്തിന്റെ പദ്ധതി. കഴിഞ്ഞ വര്‍ഷമാണ് ഇതുസംബന്ധമായ നിര്‍ദേശമുണ്ടായത്. ഇതിനു അംഗീകാരം ലഭിച്ചതോടെ കഴിഞ്ഞ ഉമ്ര സീസണ്‍ ഒരു മാസം നീട്ടിയിരുന്നു. അടുത്ത ഉമ്ര സീസണ്‍ ഒരു മാസം നേരത്തെ ആരംഭിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഹജ്ജ് ഉമ്ര മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം അടുത്ത മാസം ആരംഭിക്കുന്ന ഉമ്ര സീസണ്‍ പത്ത് മാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഹജ്ജുമായി ബന്ധപ്പെട്ട് നേരത്തെ ഹിജ്ര വര്‍ഷം ശവ്വാല്‍, ദുല്‍ ഖഅദ്, ദുല്‍ഹജ്ജ്, മുഹറം എന്നീ നാല് മാസങ്ങളില്‍ ഉമ്ര വിസ അനുവദിച്ചിരുന്നില്ല. ഇതില്‍ ദുല്‍ ഖഅദ്, ദുല്‍ഹജ്ജ് മാസങ്ങളില്‍ ഒഴികെ ബാക്കി പത്ത് മാസങ്ങളിലും ഉമ്ര വിസ അനുവദിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം മക്കയില്‍ ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബന്തന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉമ്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ സീസണില്‍ അറുപത്തിയേഴ് ലക്ഷം വിദേശികള്‍ ഉമ്ര നിര്‍വഹിച്ചു. ഇത് തൊട്ടു മുമ്പത്തെ സീസണെ അപേക്ഷിച്ച് ഇരുപത് ശതമാനം കൂടുതലാണ്. അടുത്ത സീസണില്‍ കൂടുതല്‍ തീര്‍ഥാടകര്‍ ഉംറ നിര്‍വഹിക്കാനെത്തും എന്നാണു പ്രതീക്ഷ. ഉമ്ര സര്‍വീസിനായി നൂറിലധികം രാജ്യങ്ങളിലായി നാലായിരത്തിലധികം അംഗീകൃത ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
